വള്ളംകളി വിവാദം: 'മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കും, മറുപടി കിട്ടണം'; പ്രതികരണവുമായി കുട്ടനാട് എംഎല്‍എ

എംഎല്‍എയോട് മുഖ്യമന്ത്രിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ജനങ്ങള്‍ ചിന്തിച്ചേക്കുമെന്നും റെജി ചെറിയാന്‍

വള്ളംകളി വിവാദം: 'മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കും, മറുപടി കിട്ടണം'; പ്രതികരണവുമായി കുട്ടനാട് എംഎല്‍എ
dot image

ആലപ്പുഴ: മൂലംവള്ളംകളി അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ പറഞ്ഞതാണെന്ന് സഭാ ടിവി എടുത്തു നോക്കിയപ്പോള്‍ മനസ്സിലായെന്ന് റെജി ചെറിയാന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കുമെന്നും മറുപടി കിട്ടണമെന്നും റെജി ചെറിയാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ അത് തന്റെ അവകാശമാണെന്നും റെജി ചെറിയാന്‍ പറഞ്ഞു.

'എന്റെ സ്വകാര്യ ആവശ്യത്തിന് അല്ല പ്രാദേശിക അവധി ചോദിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി കൊടുക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി ചിന്തിച്ചു കാണും. ഖജനാവ് കാലി അല്ലേ. സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടവും മുഖ്യമന്ത്രി ചിന്തിച്ചു കാണും. അവധി കൊടുത്താലും ഇല്ലെങ്കിലും മൂലം വള്ളംകളി ഉത്സവത്തിന്റെ പ്രതീതിയാണ്', റെജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

എംഎല്‍എയോട് മുഖ്യമന്ത്രിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ജനങ്ങള്‍ ചിന്തിച്ചേക്കുമെന്നും റെജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രിയും താനുമായി നല്ല ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒരു ചെറിയ വള്ളംകളിക്ക് സ്‌കൂളുകള്‍ക്ക് അവധി കൊടുക്കേണ്ട എന്ന് മുഖ്യമന്ത്രി ചിന്തിച്ചുകാണും. വള്ളംകളി കുട്ടനാട്ടുകാരുടെ രക്തത്തില്‍ കിടക്കുകയാണ്. വള്ളംകളിക്ക് പോയി കുടുംബം പോലും പണയപ്പെടുത്തിയവര്‍ ഉണ്ട്. അവരുടെ ആവശ്യം ഞാന്‍ ഉന്നയിച്ചു', റെജി ചെറിയാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നിയമസഭയില്‍ റെജി ചെറിയാന്‍ വള്ളംകളിക്ക് പ്രാദേശി അവധി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആലോചിച്ച് മറുപടി പറയാമെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി സീറ്റില്‍ ഇരുന്നതിന് ശേഷം പതുക്കെ 'അവധി കൊടുക്കില്ലെ'ന്ന് പറഞ്ഞിരുന്നു. പക്ഷേ മുഖ്യമന്ത്രി പറഞ്ഞത് മൈക്കിലൂടെ ചെറിയ രീതിയില്‍ പുറത്തേക്ക് അത് കേള്‍ക്കുകയും ചെയ്തു. വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്.

Content Highlights: Kuttanad MLA Reji Cherian has reacted to the controversy over the holiday announced in connection with the Moolam Vallamkali

dot image
To advertise here,contact us
dot image