

കൊച്ചി: പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് അഡ്വ. ഷിബു മീരാന്‍. ഈ രാജ്യത്തെ പൗരനാണ് എന്ന് തെളിയിക്കാനുളള ആധികാരിക രേഖ ബിജെപിയുടെ അംഗത്വ കാര്‍ഡ് ആകുന്നത് ദുരന്തമാണ് എന്നാണ് ഷിബു മീരാന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വലിയ ദുരന്ത ചിത്രമായി മാറുകയാണെന്നും ബാബ സാഹിബ് താക്കീത് നല്‍കിയതുപോലെ ഭരണഘടനയുടെ വെളിച്ചത്തില്‍ നിന്ന് നമ്മള്‍ നടന്നു കയറുന്നത് ഏകാധിപത്യ ഇരുട്ട് മുറിയിലേക്കാണെന്നും ഷിബു മീരാന്‍ പറഞ്ഞു. ഒരുഭാഗത്ത് വിദേശ സംഭാവനകള്‍ സ്വീകരിക്കാനുളള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ മറുഭാഗത്ത് ഒരു രജിസ്‌ട്രേഷന്‍ പോലുമില്ലാതെ ആര്‍എസ്എസ് ഇന്ത്യയുടെ ഡീപ് സ്റ്റേറ്റ് ആവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
'18 വയസ് തികഞ്ഞവര്‍ക്ക് ഇനി ആധാര്‍ കൊടുക്കില്ല എന്ന് അസം ബിജെപി സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് ഒരു പൗരത്വ രേഖയല്ല എന്ന് ആഭ്യന്തര മന്ത്രാലയം. വിദേശ സംഭാവനകള്‍ സ്വീകരിക്കാനുളള നിയന്ത്രണങ്ങള്‍ ഒരുഭാഗത്ത് കര്‍ശനമാക്കുന്നു. മറുഭാഗത്ത് 100 വര്‍ഷം തികഞ്ഞിട്ടും ഒരു രജിസ്‌ട്രേഷന്‍ പോലും ഇല്ലാതെ ആര്‍എസ്എസ് ഇന്ത്യയുടെ ഡീപ് സ്റ്റേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. ഈ രാജ്യത്തെ പൗരനാണ് എന്ന് തെളിയിക്കാനുളള ആധികാരിക രേഖ ബിജെപിയുടെ അംഗത്വ കാര്‍ഡ് ആകുന്നത് ദുരന്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഒരു വലിയ ദുരന്ത ചിത്രമായി മാറുകയാണ്. ബാബ സാഹിബ് താക്കീത് നല്‍കിയതുപോലെ ഭരണഘടനയുടെ വെളിച്ചത്തില്‍ നിന്ന് നമ്മള്‍ നടന്നുകയറുന്നത് ഏകാധിപത്യത്തിന്റെ ഇരുട്ടുമുറിയിലേക്കാണ്': ഷിബു മീരാന്‍ പറഞ്ഞു.
പാസ്പോര്‍ട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പാസ്‌പോര്‍ട്ട് അടിസ്ഥാനപരമായി അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉപയോഗിക്കാനുള്ള യാത്രാരേഖയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. 'നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് ലഭിച്ചാല്‍ ആ പാസ്പോര്‍ട്ട് നിങ്ങളുടെ സ്വന്തമാണെന്ന് അര്‍ത്ഥമില്ല. പാസ്പോര്‍ട്ടിന്റെ പുറം ചട്ടയില്‍ ഇത് സര്‍ക്കാരിന്റെ സ്വത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏത് സമയത്തും ഇത് തിരികെ ഹാജരാക്കേണ്ടി വന്നേക്കാമെന്നു'മാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആധാറും പൗരത്വത്തിനുള്ള രേഖയല്ലെന്ന് നേരത്തെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖമാത്രമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വോട്ടര്‍ ഐഡിയും തിരിച്ചറിയല്‍ രേഖ മാത്രമായാണ് പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പൗരത്വ രേഖയെക്കുറിച്ച് ചര്‍ച്ച സജീവമാകുന്നത്.
Content Highlights: Criticizing the circular stating passport is not proof of citizenship, Adv. Shibu Meeran alleged that the RSS operates as India's deep state