CMRL-എക്‌സാലോജിക് ഇടപാട് കേസ്: വീണയ്ക്ക് ഇന്ന് നിര്‍ണായം, വിശദമായ ചോദ്യാവലി തയ്യാറാക്കി ED

സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പടെ ഇഡി ചോദിച്ചറിയും

CMRL-എക്‌സാലോജിക് ഇടപാട് കേസ്: വീണയ്ക്ക് ഇന്ന് നിര്‍ണായം, വിശദമായ ചോദ്യാവലി തയ്യാറാക്കി ED
dot image

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി വിണ ടി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ പത്തരയോടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് വീണക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പടെ ഇഡി ചോദിച്ചറിയും. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്.

സേവനം നല്‍കാതെയാണ് സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി കൈപ്പറ്റിയതെന്ന കണ്ടെത്തലില്‍ വീണയുടെ മറുപടി എന്തെന്ന് അന്വേഷണ സംഘം ചോദിച്ചറിയും. കൈപ്പറ്റിയ പണം വിനിയോഗിച്ചതെങ്ങനെ?, സ്വത്തുക്കള്‍ വാങ്ങിയോ?, നിക്ഷേപങ്ങള്‍ നടത്തിയോ?, എംപവര്‍ ഇന്ത്യ സ്ഥാപനത്തില്‍ നിന്നും 50 ലക്ഷം വായ്പ എടുത്തത് ഏത് സാഹചര്യത്തിലാണ്?, എത്ര തുക തിരിച്ചടച്ചു? ഈ പണം എന്തിനുവേണ്ടി ഉപയോഗിച്ചു?, ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്?, ഇല്ലാത്ത സേവനത്തിന് വന്‍ തുക കൈപ്പറ്റിയെന്ന എസ്എഫ്‌ഐഒ കണ്ടെത്തലിലെ പ്രതികരണം, വന്‍ തുക ലഭിക്കാന്‍ സിഎംആര്‍എല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ചിഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിന് പുറമേ എത്ര അക്കൗണ്ടുകള്‍ ഉണ്ട്, അബുദാബിയില്‍ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇ ഡി വീണയില്‍ നിന്ന് വിശദീകരണം തേടും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറായ ഷിബി, സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്‍നാഷണല്‍.

വീണയ്ക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയില്‍ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രയും സാവകാശം നല്‍കാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് വീണ്ടും ഇ ഡി സമന്‍സ് അയയ്ക്കുകയായിരുന്നു. പിഎംഎല്‍എ വകുപ്പ് 50 പ്രകാരം ലഭിച്ച സമന്‍സില്‍ കക്ഷി നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ.

കേസില്‍ ഇ ഡിക്ക് അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

Content Highlights: Veena T is scheduled to appear before the Enforcement Directorate today for questioning in connection with the CMRL–Exalogic financial transaction case

dot image
To advertise here,contact us
dot image