

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം വേദി പങ്കിടാന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും. ആലപ്പുഴ പഴവീട് കൃഷ്ണ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് വൈകീട്ട് നടക്കുന്ന കേരള കൗമുദി വാര്‍ഷികാഘോഷത്തിലാണ് നേതാക്കളും വെള്ളാപ്പള്ളിയും ഒരേ വേദിയില്‍ എത്തുക.
ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എംഎല്‍എമാരായ ജി സുധാകരന്‍, പി പ്രസാദ്, സജി ചെറിയാന്‍, എം എസ് അരുണ്‍ കുമാര്‍, എ ഡി തോമസ്, റെജി തോമസിനും പരിപാടിക്ക് ക്ഷണമുണ്ട്. ജില്ലയിലെ എംഎല്‍എമാരെ ആദരിക്കുന്ന ചടങ്ങിലേക്കാണ് ക്ഷണം. പരിപാടിയുടെ പോസ്റ്ററില്‍ ഈ നേതാക്കളുടെ ചിത്രവും അച്ചടിച്ച് വന്നിട്ടുണ്ട്. എന്നാല്‍ സജി ചെറിയാന്‍ പരിപാടിക്കെത്തില്ല. അസൗകര്യം സംഘാടകരെ അറിയിച്ചു.
മന്ത്രിയായതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങുന്ന ബിന്ദു കൃഷ്ണയുടെ നടപടിയില്‍ വിമര്‍ശനം ശക്തമായിരുന്നു. വെളളാപ്പളളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെളളാപ്പളളി ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു. അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പളളിയെ കൂടെ നിര്‍ത്തിയതിന് എതിരെ കൂടിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമായിരുന്നു വിമര്‍ശനം. സന്ദര്‍ശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാവര്‍ക്കും ക്ഷീരദിനാശംകള്‍ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Content Highlights: Ramesh chennithala and M Liju shares stage with Vellappally natesan