പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: അഭിഭാഷക കമ്മീഷന്‍ ഇന്ന് എത്തിയേക്കും; സർക്കാർ കോടതിയെ സമീപിക്കും

ഉന്നതിയിൽ എത്തിയാൽ കമ്മീഷനെ തടയുമെന്ന് സമരസമിതി അറിയിച്ചു

പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: അഭിഭാഷക കമ്മീഷന്‍ ഇന്ന് എത്തിയേക്കും; സർക്കാർ കോടതിയെ സമീപിക്കും
dot image

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി ഒഴിപ്പിക്കുന്നതിനായി അഭിഭാഷക കമ്മീഷൻ ഇന്ന് എത്തിയേക്കും. ഒഴിപ്പിക്കൽ നീക്കം നടന്നാൽ തടയുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പൊലീസ് നടപടികൾ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം റോജി എം ജോൺ ഉന്നതി നിവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനിടെ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയാൽ മനുഷ്യകവചം തീർത്ത് പ്രതിരോധിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കും. ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികളിൽ സുപ്രീം കോടതിയിൽ സാവകാശം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ച ഇന്നലെ പൂര്‍ത്തിയായിരുന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചര്‍ച്ചയില്‍ മന്ത്രി റോജി എം ജോണും കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രനും പങ്കെടുത്തു. ഉന്നതിയിലെ കുടുംബങ്ങളെ നാളെ കുടിയൊഴിപ്പിക്കില്ലെന്നും അവര്‍ക്കായി സര്‍ക്കാര്‍ നേരിട്ട് കോടതിയില്‍ ഇടപെടുമെന്നും റോജി എം ജോണ്‍ പറഞ്ഞു.

കോടതി വിധി എതിരായാല്‍ സര്‍ക്കാര്‍ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അവരെ പെരുവഴിയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാരിയത്തുകാവ് കേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ ഇടപെടുന്നതെന്നും ഇതുവരെ ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരം നീക്കങ്ങളുണ്ടായിട്ടില്ലെന്നും റോജി എം ജോണ്‍ പറഞ്ഞു.

മെയ് 20ന് രാവിലെയാണ് എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതർ എത്തിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാർ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്. പാരിയത്ത്കാവ് ഉന്നതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

Content Highlight : A crucial day in the eviction drive at Malayidamthuruth Pariyathkavu. As the court has directed that the proceedings be completed, the advocate commission is expected to visit the encroached area again today.

dot image
To advertise here,contact us
dot image