വി ഡി സതീശനും മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ; ജനകീയ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു'

ആശംസ അറിയിച്ച് പിണറായി വിജയൻ

വി ഡി സതീശനും മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ; ജനകീയ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു'
dot image

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി ഡി സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുന്‍ സര്‍ക്കാരുകള്‍ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അത്തരം ഇടപെടലുകള്‍ക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നല്‍കുന്നുവെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശ്രീ വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്‍. മുന്‍ സര്‍ക്കാരുകള്‍ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും പുതിയ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകള്‍ക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നല്‍കുന്നു.

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി ഇന്നാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.

പ്രതിപക്ഷത്ത് നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ കാണാനെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ക്ഷണ പ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ എത്തിയത്. അതേസമയം, നിയുക്ത ബിജെപി എംഎൽഎ വി മുരളീധരൻ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു.

Content Highlights: Pinarayi Vijayan congratulates VD Satheesan and the cabinet led by him

dot image
To advertise here,contact us
dot image