

കൊച്ചി: കെ കരുണാകരന്‍ - സോണിയാ ഗാന്ധി അകല്‍ച്ചയുടെ കാരണം തുറന്ന് പറഞ്ഞ് കെ വി തോമസ്. 'കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലാണ് കെ വി തോമസ് ഇക്കാര്യം പരാമർശിക്കുന്നത്. 2001-ലെ തെരഞ്ഞെടുപ്പില്‍ പത്മജയെ മത്സരിപ്പിക്കാന്‍ കരുണാകരന്‍ ആഗ്രഹിച്ചു. എന്നാല്‍ സോണിയ ഗാന്ധി അതിന് താല്‍പര്യമെടുത്തില്ല. സോണിയ പേര് വെട്ടിയതോടെ ചര്‍ച്ചകളില്‍ നിന്ന് കരുണാകരന്‍ ഇറങ്ങിപ്പോയെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.
പത്മജയുടെ കാര്യം സോണിയ ഗാന്ധിയോട് സംസാരിച്ചപ്പോള്‍ അവര്‍ കയര്‍ത്തു. പുറം വാതിലിലൂടെ നീക്കം നടത്തുന്നത് എന്തിനെന്ന് ചോദിച്ചുവെന്നും ഇതോടെയാണ് ലീഡറും സോണിയാ ഗാന്ധിയും തമ്മിലുള്ള അകലം വലുതായതെന്നും കെ വി തോമസ് കുറിച്ചു.
'സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പത്മജയുടെ പേര് ഇല്ലാത്തതുകൊണ്ടു തന്നെ പല പ്രാവശ്യം ചര്‍ച്ചയില്‍ നിന്ന് ലീഡര്‍ ഇറങ്ങിപ്പോയി. ചര്‍ച്ച വഴിമുട്ടിയപ്പോള്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാക്കളായിരുന്ന ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ എന്നോട് പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. പത്മജയുടെ കാര്യം ഞാന്‍ സോണിയാജിയോട് സംസാരിച്ചപ്പോള്‍, അവര്‍ എന്നോട് കയര്‍ത്തു.
'തോമസിന്റെ സാന്നിധ്യത്തില്‍ പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ കുടുംബിനിയാണെന്നല്ലേ അന്ന് കരുണാകരന്‍ പറഞ്ഞത്. പിന്നെന്തിനാണ് ഇപ്പോള്‍ പുറംവാതിലിലൂടെ നീക്കം നടത്തുന്നത്. ഇക്കാര്യത്തിലാണ് ലീഡറും സോണിയാ ഗാന്ധിയും തമ്മില്‍ വലുതായി അകലുന്നത്', കെ വി തോമസ് തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, കെ വി തോമസിന്റെ പുസ്തകത്തില്‍ പറയുന്നത് മുഴുവന്‍ തെറ്റാണെന്ന് പത്മജ വേണുഗോപാല്‍ പ്രതികരിച്ചു. കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതില്‍ സോണിയാ ഗാന്ധിക്ക് എതിര്‍പ്പുണ്ടായിരുന്നെന്ന വാദം തെറ്റാണ്. കെ കരുണാകരന്‍ ക്ഷീണിതനായപ്പോള്‍ കെ വി തോമസ് എ കെ ആന്റണിയുടെ അടുത്തേക്ക് പോയി. കെ കരുണാകരനെ കെ വി തോമസ് ചതിച്ചുവെന്നും അവർ ആരോപിച്ചു.
'അവിടെന്നാണ് പിണറായി വിജയന്റെ അടുത്തേക്ക് പോയത്. കാര്യം കാണാന്‍ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യന്‍ വേറെയില്ല. ഇപ്പോള്‍ കെ വി തോമസ് ഒന്നുമല്ലാതെയായി. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട. പക്ഷേ കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. കെ കരുണാകരനും സോണിയ ഗാന്ധിയും തമ്മില്‍ തെറ്റാന്‍ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. എങ്ങനെ കെ വി തോമസ്, തോമസ് ആയി എന്നോര്‍ത്താല്‍ നന്ന്. കെ വി തോമസ് വല്ലതും പറഞ്ഞാല്‍ പഴയ ചരിത്രം ഞാന്‍ വിളിച്ചു പറയും. പുസ്തകം വിറ്റുപോകാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. കെ വി തോമസ് അടുത്ത് ആരുടെ അടുത്തേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല. അവരെ സന്തോഷിപ്പിക്കാന്‍ ആണോ ബുക്ക് വില്‍ക്കാന്‍ ആണോ ഇതൊക്കെ പറഞ്ഞത് എന്നറിയില്ല', പത്മജ വേണുഗോപാല്‍ പറഞ്ഞു.
തൃശൂരില്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ന്നത് അന്വേഷിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ജനങ്ങള്‍ക്ക് എല്‍ഡിഎഫിനോടുള്ള ദേഷ്യമാണ് ഇത്തവണ കണ്ടത്. തൃശൂർ തന്റെ നാടല്ലേ, പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും നില്‍ക്കുമെന്നും അവർ വ്യക്തമാക്കി.
Content Highlights: kv thomas reveals reason behind distance between k karunakaran and sonia gandhi