'സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം'; എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ്

സ്വരാജിന്റെയും ജയരാജന്റെയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്

'സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം'; എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ്
dot image

കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്‌ളക്‌സുകള്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്.

കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. 'ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്‌പ്പെടുത്തും' എന്നും ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും ജയരാജന്റെയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കണ്ണൂരിലായിരുന്നു ഈ ആവശ്യം ശക്തമായി ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ഗോവിന്ദനെയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ കെ രാഗേഷിനെയും മാറ്റണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ഉയര്‍ത്തി കണ്ണൂരില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ധര്‍മ്മശാലയിലായിരുന്നു ആദ്യമായി പോസ്റ്റര്‍ പതിച്ചത്. 'പൊതുമണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാര്‍ട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക' എന്നതായിരുന്നു പോസ്റ്ററിലെ വാചകം. 'മോറാഴ സഖാക്കള്‍' എന്ന പേരില്‍ ധര്‍മ്മശാല യൂണിവേഴ്‌സിറ്റി റോഡിലെ കവാടത്തിന്റെ തൂണിലായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പി ജയരാജന്‍ വരണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളും കണ്ണൂരില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും അഴീക്കോടുമായിരുന്നു പോസ്റ്ററുകള്‍ പതിച്ചത്. 'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ' എന്ന വാചകമായിരുന്നു രണ്ടിടങ്ങളിലും പോസ്റ്ററിലുണ്ടായിരുന്നത്. 'തിരുത്തേണ്ട പാഠങ്ങളുണ്ട്' എന്ന പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകവും ഫ്‌ളക്‌സിലുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാനാണ് സിപിഐഎമ്മിന്റെ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റും വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. താഴെ തട്ട് മുതല്‍ പ്രവര്‍ത്തകരെ കേള്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം ബ്രാഞ്ച് കമ്മിറ്റിയും പിന്നാലെ ലോക്കല്‍ കമ്മിറ്റികളും വിളിക്കും. ബ്രാഞ്ച് കമ്മിറ്റിയില്‍ ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കല്‍ കമ്മിറ്റിയില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുക സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരിക്കും. തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ അടക്കം കേട്ട ശേഷം റിവ്യൂ തയ്യാറാക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയായിരുന്നു എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റും എല്‍ഡിഎഫ് 35 സീറ്റുകളുമാണ് നേടിയത്. കോണ്‍ഗ്രസ് 63 സീറ്റുകളും മുസ്ലിം ലീഗ് 22 സീറ്റുകളും നേടി. സിപിഐഎമ്മിന് 26 സീറ്റുകള്‍ മാത്രമാണ് നേടാനായത്. സിപിഐ എട്ട് സീറ്റുകളും നേടി. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. സംസ്ഥാനത്ത് ആദ്യമായി ബിജെപി മൂന്ന് സീറ്റുകളും നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ പതിമൂന്ന് പേര്‍ പരാജയപ്പെട്ടിരുനന്ു. വി ശിവന്‍കുട്ടി, പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, റോഷി അഗസ്റ്റിന്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹ്‌മാന്‍, കെ ബി ഗണേഷ് കുമാര്‍, ഒ ആര്‍ കേളു തുടങ്ങിയവരാണ് പരാജയപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, പി എ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ വിജയിക്കുകയും ചെയ്തു.

ഉറച്ച കോട്ടയായ കണ്ണൂരിലും സിപിഐഎമ്മിന് അടിപതറിയിരുന്നു. തളിപ്പറമ്പിനും പയ്യന്നൂരിലും വിമത സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം കുറഞ്ഞു. 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിണറായി വിജയന്റെ വിജയം. പിണറായി വിജയന്‍ 85,614 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ അഡ്വ. വി പി അബ്ദുല്‍ റഷീദ് 66,367 വോട്ടുകളായിരുന്നു നേടിയത്.

Content Highlights- Flex boards calling for M Swaraj to become CPM state secretary and P Jayarajan to be appointed district secretary appeared in the constituency of MV Govindan.

dot image
To advertise here,contact us
dot image