'വട്ടിയൂര്‍ക്കാവില്‍ പറഞ്ഞ ഭൂരിപക്ഷം കിട്ടി, ഞങ്ങള്‍ പഠിച്ചിട്ടേ കാര്യങ്ങള്‍ പറയാറുളളു- കെ മുരളീധരന്‍

സിപിഐഎം കളളവോട്ടിന് ഏര്‍പ്പാട് ചെയ്‌തെങ്കിലും അകത്തുപോയവര്‍ ശരിയായി വോട്ട് ചെയ്‌തെന്നും മുരളീധരൻ പറഞ്ഞു

'വട്ടിയൂര്‍ക്കാവില്‍ പറഞ്ഞ ഭൂരിപക്ഷം കിട്ടി, ഞങ്ങള്‍ പഠിച്ചിട്ടേ കാര്യങ്ങള്‍ പറയാറുളളു- കെ മുരളീധരന്‍
dot image

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് പറഞ്ഞ ഭൂരിപക്ഷം തന്നെ കിട്ടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍. തങ്ങള്‍ പഠിച്ചിട്ടേ കാര്യങ്ങള്‍ പറയാറുളളുവെന്നും മുരളീധരന്‍ പറഞ്ഞു. സിപിഐഎം കളളവോട്ടിന് ഏര്‍പ്പാട് ചെയ്‌തെങ്കിലും അകത്തുപോയവര്‍ ശരിയായി വോട്ട് ചെയ്‌തെന്നും ടീം യുഡിഎഫ് ആയിട്ട് തന്നെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചയല്ലെന്നും എല്ലാ വശവും പരിശോധിച്ച് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫ് വിജയിച്ച 35 സീറ്റുകളില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് അതാത് നിയോജക മണ്ഡലങ്ങള്‍ അന്വേഷിക്കുമെന്നും ഇന്ത്യയില്‍ എല്ലായിടത്തും ബിജെപിക്കെതിരെ പൊളിറ്റിക്കല്‍ ഫൈറ്റ് കാഴ്ച്ചവയ്ക്കുന്നത് കോണ്‍ഗ്രസാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

'കേരളത്തിലെ ചിലയിടങ്ങളിലെങ്കിലും ന്യൂനപക്ഷം കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്തിട്ടുണ്ടോ എന്നത് സംശയമാണ്. പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ യുഡിഎഫാണ് സ്ഥിരമായി ബിജെപിയെ തോല്‍പ്പിക്കുന്നത്. എന്തുകൊണ്ട് നേമത്ത് സിപിഐഎമ്മിന് അത് കഴിഞ്ഞില്ല? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്ന സമയത്ത് നേമത്ത് ന്യൂനപക്ഷങ്ങള്‍ ശിവന്‍കുട്ടിക്ക് വോട്ടുചെയ്തു. ശിവന്‍കുട്ടിക്ക് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അന്ന് എനിക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ ആ മണ്ഡലം യുഡിഎഫിന്റെ കയ്യില്‍ ഇപ്പോഴും ഉണ്ടാകുമായിരുന്നു. ബിജെപിയെ നേരിടാന്‍ കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസും യുഡിഎഫുമാണ് പറ്റിയ പ്രസ്ഥാനമെന്ന് ചിലയിടങ്ങളിലെ ന്യൂനപക്ഷം മനസിലാക്കണം'- കെ മുരളീധരന്‍ പറഞ്ഞു.

കേരള നിയമസഭയില്‍ യുഡിഎഫും എല്‍ഡിഎഫുമാണ് ഭരിക്കുക എന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാം. എന്നിട്ട് എങ്ങനെ ബിജെപിക്ക് 3 സീറ്റ് കിട്ടി എന്നത് പരിശോധിക്കണം. പശ്ചിമബംഗാള്‍ പിടിക്കും എന്ന് ബിജെപി പറഞ്ഞു. ഇനി മോദിയുടെ കണ്ണുകള്‍ കേരളത്തിലേക്കാണ്. അത് മനസിലാക്കിക്കൊണ്ട് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി അഡ്വ. വി കെ പ്രശാന്തിനെയാണ് പരാജയപ്പെടുത്തിയത്. 5425 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മുരളീധരന്റെ വിജയം. 48,338 വോട്ടാണ് കെ മുരളീധരന് ലഭിച്ചത്. വി കെ പ്രശാന്തിന് 42,913 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്ക് 37,213 വോട്ടുമാണ് ലഭിച്ചത്.

Content Highlights: 'We got the majority we said in Vattiyoorkavu, we say things only after studying' - K Muraleedharan

dot image
To advertise here,contact us
dot image