

കൊച്ചി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ മുഖപത്രം. യുഡിഎഫിന്റെ ജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമാണ് എന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നത്. ഭരണത്തിലെ വീഴ്ച്ചകളും പാളിച്ചകളും മുന്നണി പരിശോധിക്കണമെന്നും ഭരണത്തിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് ജനങ്ങളില്‍ നിന്ന് അകന്നു എന്ന് ആത്മപരിശോധന നടത്തണം എന്നുമാണ് ജനയുഗം എഡിറ്റോറിയലില്‍ പറയുന്നത്. എന്തുകൊണ്ടാണ് പ്രമുഖ സിപിഐഎം നേതാക്കള്‍ പാര്‍ട്ടി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നത്? ഇവര്‍ സിപിഐഎമ്മിനെ വെല്ലുവിളിച്ച് ജയിച്ചത് ഇരുത്തി ചിന്തിപ്പിക്കാന്‍ മതിയായ രാഷ്ട്രീയ പ്രതിഭാസമാണ്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിനും അടിത്തറയ്ക്കും ഇളക്കം തട്ടിയെന്നും വോട്ട് ചോര്‍ന്നുവെന്നും സിപിഐ മുഖപത്രം മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം സംസ്ഥാനത്ത് വികസനരംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ച്ചവെച്ചിട്ടുണ്ട് എന്നത് നിഷ്പക്ഷമതികള്‍ അംഗീകരിക്കുന്ന വസ്തുതയാണെങ്കിലും ഭരണവും അതിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എങ്ങനെ, എന്തുകൊണ്ട് ജനങ്ങളില്‍ നിന്ന് അകലുകയും ഒറ്റപ്പെടുകയും ചെയ്തു എന്നത് ആത്മാര്‍ത്ഥവും സത്യസന്ധവുമായ ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ട്.
മുന്നണിക്ക് നേതൃത്വം നല്‍കിയ സിപിഐഎം നേതൃത്വത്തിലെ പ്രമുഖരായ ചില നേതാക്കള്‍ ആ പാര്‍ട്ടി വിട്ട് യുഡിഎഫില്‍ ചേക്കേറിയതും പാര്‍ട്ടിയെയും മുന്നണിയെയും വെല്ലുവിളിച്ച് വിജയിച്ചതും ഇരുത്തിച്ചിന്തിപ്പിക്കാന്‍ മതിയായ രാഷ്ട്രീയ പ്രതിഭാസമാണ്. എന്തുകൊണ്ട്, എങ്ങനെ അത് സംഭവിച്ചു എന്ന് കണ്ടെത്തുകയും അതിലേക്ക് നയിച്ച കാര്യകാരണങ്ങള്‍ വിലയിരുത്തി പരിഹാര മാര്‍ഗങ്ങള്‍ ആരായുകയും തിരുത്തലുകള്‍ക്ക് തയ്യാറാവുകയും ചെയ്യുക എന്നത് കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഇടതുപക്ഷം പ്രസക്തമായ രാഷ്ട്രീയ ശക്തിയായി തുടരാന്‍ അനിവാര്യമാണ് എന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോണ്‍ഗ്രസ്-63, മുസ്‌ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.
എല്‍ഡിഎഫിന്റെ 13 മന്ത്രിമാണ് പരാജയപ്പെട്ടത്. പി രാജീവ്, എം ബി രാജേഷ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ഒ ആര്‍ കേളു, കെ ബി ഗണേഷ്‌കുമാര്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്. പിണറായി വിജയന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മാത്രമാണ് മന്ത്രിമാരില്‍ വിജയിച്ചത്. ആറ് റൗണ്ടുകളില്‍ ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നിലായത് കനത്ത തിരിച്ചടിയാണ്. അതേസമയം അഞ്ച് ജില്ലകള്‍ സമ്പൂര്‍ണമായും യുഡിഎഫ് വിജയിച്ചു. മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ യുഡിഎഫ് തൂത്തുവാരി.
Content Highlights: Anti-government sentiment reflected in the election: CPI mouthpiece