ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ജനജീവിതം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
dot image

കൊച്ചി: ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ജനജീവിതം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലാണ് ഇന്ന് ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ചില സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് ഗതാഗതകുരുക്കുണ്ടാക്കിയിരുന്നു. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയാണ് ഗതാഗതക്കുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ (വിഐടിഇഇ) എഴുതേണ്ട വിദ്യാര്‍ത്ഥികളെയും ഹര്‍ത്താല്‍ പ്രതികൂലമായി ബാധിച്ചു.

തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നില്‍ പൊലീസും സമരക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊല്ലത്ത് കുണ്ടറയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലിന് പൗരസമൂഹം ഉള്‍പ്പെടെ അറുപതോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചത്.


നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു.

Content Highlights: Nithin Raj death Kerala High Court take case Harassment during the hartal

dot image
To advertise here,contact us
dot image