മുഖ്യമന്ത്രി പോര് പൊട്ടിത്തെറിയിലേക്ക്? ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയാന്‍ ഹൈബി ഈഡന്‍

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയൊഴിയാന്‍ ഹൈബി ഈഡന്‍ എംപി സന്നദ്ധത അറിയിച്ചു

മുഖ്യമന്ത്രി പോര് പൊട്ടിത്തെറിയിലേക്ക്? ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയാന്‍ ഹൈബി ഈഡന്‍
dot image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് പൊട്ടിത്തെറിയിലേക്ക്. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതോടെ ഡിജിറ്റല്‍ മീഡിയ സെല്‍ പ്രതിക്കൂട്ടിലായി. ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററായ വിമല ബിനു അഡ്മിന്‍ ആയ ഗ്രൂപ്പിലാണ് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന ചാറ്റ് നടന്നത്. ഇതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയൊഴിയാന്‍ ഹൈബി ഈഡന്‍ എംപി സന്നദ്ധത അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുന്നുവെന്നാണ് കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തില്‍ ഹൈബി ഈഡന്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചര്‍ച്ചയില്‍ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായുള്ളവര്‍ ചേരിപ്പോരിലാണ്.

മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിക്കുന്നതിന് നേതൃത്വം നല്‍കിയത് വിമല ബിനുവാണെന്നാണ് ആരോപണം. കെ സുധാകരനെ അധിക്ഷേപിക്കുന്ന വിമല ബിനുവിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. 'ഇലക്ഷന്‍ 2026 വിഡിഎസ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളായിരുന്നു പുറത്തുവന്നത്. വിമല ബിനുവായിരുന്നു ഇതിന്റെ അഡ്മിന്‍.

'കണ്ണൂര്‍ സിഹം എന്നല്ല ഏത് കോണോത്തിലെ സിംഹം അലറിയാലും രാവും പകലും കഷ്ടപ്പെട്ടവന്റെ ഒപ്പം' എന്ന ക്യാപ്ഷനോട് കൂടി വി ഡി സതീശന്റെ പടം വിമല ബിനു ഗ്രൂപ്പില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപത്തിനും ഈ ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തിരുന്നു. വിമല ബിനുവിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

Content Highlights: Hibi Eden to step down from Digital Media Cell post Letter to kpcc

dot image
To advertise here,contact us
dot image