

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ 25കാരന്‍ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ സഹയാത്രികന്റെ ഫോണില്‍ നിന്ന് വിഷ്ണു സഹോദരനെ വിളിക്കുകയായിരുന്നു. താന്‍ നാട്ടിലേക്ക് വരുന്നില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞത്. എന്നാല്‍ വീട്ടിലെ സാഹചര്യം ഉള്‍പ്പെടെ പറഞ്ഞതോടെ വിഷ്ണു നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബം വിഷ്ണുവിനെ കൂട്ടികൊണ്ടുപോകാനായി പയ്യന്നൂരിലേക്ക് തിരിച്ചു.
ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് വിവരം. വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനി നിരവധിപേര്‍ക്ക് അയച്ച് നല്‍കിയിട്ടുണ്ടായിരുന്നു. ലോണ്‍ ആപ്പിന്റെ ഭീഷണി ഭയന്ന് ആണ് വിഷ്ണു നാടുവിട്ടതെന്നാണ് സംശയിക്കുന്നത്.
Content Highlights: loan app threat Kozhikode native Vishnu found from payyannur