ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഫെബ്രുവരി അഞ്ചിന് രാത്രി 9.30 ഓടെയായിരുന്നു ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ അപകടമുണ്ടായത്

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്
dot image

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിൽ മണിയൻപിള്ള രാജു ഓടിച്ച വാഹനം അപകടത്തിൽപ്പെടുമ്പോൾ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കെമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പൊലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് കുറ്റം ഒഴിവാക്കിയത്. നിലവില്‍ 'ഹിറ്റ് ആന്‍ഡ് റണ്‍' കേസ് മാത്രമാണുള്ളത്.

ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും 2022ല്‍ മദ്യപാനം നിര്‍ത്തിയ ആളാണ് താനെന്നും മണിയന്‍പിള്ള രാജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.


'ചിക്കുന്‍ഗുനിയ ഉണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഒരു സൈക്കിളില്‍ പോലും മുട്ടിയിട്ടില്ലാത്ത ആളാണ്. പതുക്കെ ഓടിക്കുന്ന ആളാണ്. പേടിച്ചുപോയി. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്. 2022ല്‍ മദ്യപാനം നിര്‍ത്തിയ ആളാണ്. മദ്യപിക്കില്ലെന്ന് ഡോക്ടര്‍ക്ക് വാക്കുകൊടുത്തയാളാണ്. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്', മണിയന്‍ പിള്ള രാജു പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് രാത്രി 9.30 ഓടെയായിരുന്നു ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ അപകടമുണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിര്‍ത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ പറഞ്ഞതായും മണിയന്‍പിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ക്ലബ്ബിന്റെ പാര്‍ക്കിങ്ങില്‍ നിന്ന് മണിയന്‍പിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കള്‍ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഇന്‍ഡികേറ്റര്‍ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയന്‍പിള്ള രാജു വാഹനം എടുക്കുന്നത്. പിന്നാലെ ബൈക്ക് വന്ന് ഇടിക്കുകയും മണിയന്‍പിള്ള വാഹനം നിര്‍ത്താതെ എടുത്തുപോകുകയായിരുന്നു. അപകടത്തില്‍ ശ്രീകണ്‌ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമേറ്റിരുന്നു.

Content Highlights: Car accident in front of Trivandrum club Report said maniyanpilla raju was not drunk

dot image
To advertise here,contact us
dot image