'വിവരമുള്ള മലയാളികളാണ് മുന്നിലുള്ളതെന്ന് ഓർക്കുന്നത് നന്നായിരിക്കും': സാബു എം ജേക്കബിനെതിരെ സോഹൻ സീനുലാല്‍

ട്വന്റി-20യുടെ അണികള്‍ കൂട്ടത്തോടെ സിപിഐഎമ്മിലേക്കും കോണ്‍ഗ്രസിലേക്കും തിരിച്ചുപോയത് ആരുടെയെങ്കിലും കുഴപ്പമാണോയെന്നും സോഹന്‍ സീനുലാല്‍

'വിവരമുള്ള മലയാളികളാണ് മുന്നിലുള്ളതെന്ന് ഓർക്കുന്നത് നന്നായിരിക്കും': സാബു എം ജേക്കബിനെതിരെ സോഹൻ സീനുലാല്‍
dot image

കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍ സോഹന്‍ സീനുലാല്‍. സാബു എം ജേക്കബ് ജീവിക്കുന്നത് ബി സി നാലാം നൂറ്റാണ്ടിലെ ബിഹാറിലായിരുന്നുവെന്ന് സോഹന്‍ പരിഹസിച്ചു. ആ കാലത്തായിരുന്നെങ്കില്‍ ഒരു പക്ഷേ സാബുവിന്റെ തന്ത്രങ്ങള്‍ ഏല്‍ക്കുമായിരുന്നുവെന്ന് സോഹന്‍ പറഞ്ഞു. എന്നാല്‍ ഇത് 21ാം നൂറ്റാണ്ടിലെ കേരളമാണെന്നും വിവരമുള്ള മലയാളികളാണ് മുന്നിലുള്ളതെന്ന് സാബു ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ലോകത്ത് എവിടെയെങ്കിലും ഒരു സിറ്റിംഗ് എംഎല്‍എ തന്റെ മണ്ഡലത്തില്‍ വോട്ട് കച്ചവടം നടത്തി എതിര്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ നോക്കുമോ? ബുദ്ധിയുള്ള ആരെങ്കിലും ഇത് വിശ്വസിക്കുമോ? 2021-ല്‍ 42,701 വോട്ടുകള്‍ നേടിയ ട്വന്റി-20, പിന്നീട് ആദര്‍ശങ്ങള്‍ പണയപ്പെടുത്തി എന്‍ഡിഎയുമായി കൈകോര്‍ത്തപ്പോള്‍ തന്നെ ആ 'തട്ടിപ്പ്' ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയിരുന്നു. ട്വന്റി-20യുടെ അണികള്‍ കൂട്ടത്തോടെ സിപിഐഎമ്മിലേക്കും കോണ്‍ഗ്രസിലേക്കും തിരിച്ചുപോയത് ആരുടെയെങ്കിലും കുഴപ്പമാണോ, അതോ സാബുവിന്റെ തന്നെ രാഷ്ട്രീയ നിലപാടില്ലായ്മയാണോ? ആരാണ് വിഡ്ഢികള്‍?', സോഹന്‍ സീനുലാല്‍ പറഞ്ഞു.

'എല്‍ഡിഎഫ് വോട്ട് കച്ചവടം നടത്തിയില്ലായിരുന്നെങ്കില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥി 25,000 വോട്ടിന് ജയിക്കുമായിരുന്നു' എന്നൊക്കെ തട്ടിവിടാന്‍ നല്ല ധൈര്യം വേണമെന്നും ജനങ്ങളെ ഇത്രമാത്രം വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത് ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ വോട്ടര്‍മാര്‍ ഇതൊക്കെ കണ്ട് ചിരിക്കുകയാണെന്ന് സാബു എന്നാണാവോ തിരിച്ചറിയുകയെന്നും സോഹന്‍ ചോദിച്ചു.

'2021-ലെ ആ 42,701 വോട്ടുകള്‍ ഇത്തവണയും അവിടെത്തന്നെ കാണുമെന്നാണ് സാബുവിന്റെ വിശ്വാസമെങ്കില്‍, നമുക്ക് കാത്തിരിക്കാം. ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന മെയ് 4-ന് ഈ കണക്കുകള്‍ ഒന്നുകൂടി പരിശോധിക്കപ്പെടും. അന്ന് അറിയാം ട്വന്റി-20യുടെ വോട്ട് ബാങ്ക് എങ്ങോട്ട് ഒലിച്ചുപോയെന്ന്. ഒരു വിനീതമായ ഉപദേശം: ആധുനിക മലയാളിയുടെ രാഷ്ട്രീയ ബോധത്തെ കുറച്ചുകൂടി ബഹുമാനിക്കുന്നത് നന്നായിരിക്കും. ഇനിയും ഇത്തരം വാദങ്ങളുമായി വന്ന് കേരളത്തിന് മുന്നില്‍ അപഹാസ്യനാകാതിരിക്കാന്‍ സാബു ജേക്കബ് ശ്രദ്ധിക്കുമെന്ന് കരുതാം. മെയ് 4-ന് ഈ പോസ്റ്റ് ഒന്നുകൂടി എടുത്തു നോക്കാന്‍ നമുക്ക് മറക്കാതിരിക്കാം!', സോഹന്‍ സീനുലാല്‍ പറഞ്ഞു.

കുന്നത്തുനാട്ടില്‍ എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് വോട്ട് യുഡിഎഫിന് വിറ്റെന്ന ആരോപണമായിരുന്നു സാബു എം ജേക്കബ് ഉന്നയിച്ചത്. ട്വന്റി 20 ഒരിക്കലും നിയമസഭ കാണരുതെന്ന് ആഗ്രഹിക്കുന്നവരാണ് എല്‍ഡിഎഫും യുഡിഎഫുമെന്നും വോട്ട് കച്ചവടം നടക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിലായിരുന്നു സോഹന്‍ സീനുലാലിന്റെ വിമര്‍ശനം.

Content Highlights: Actor Sohan Sonulal against Twenty Twenty leader Sabu M Jacob

dot image
To advertise here,contact us
dot image