2021ൽ 110 സീറ്റ് നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു,എന്നിട്ട് ഇടതുപക്ഷത്തിന് 99 സീറ്റ് കിട്ടി:മുഹമ്മദ് റിയാസ്

എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് വ്യക്ത്യാധിക്ഷേപം നടന്ന സമയം കൂടിയാണ് കടന്നുപോയത് എന്നും മുഹമ്മദ് റിയാസ്

2021ൽ 110 സീറ്റ് നേടുമെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു,എന്നിട്ട് ഇടതുപക്ഷത്തിന് 99 സീറ്റ് കിട്ടി:മുഹമ്മദ് റിയാസ്
dot image

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് 99ലധികം സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. 2021ൽ അന്നത്തെ പ്രതിപക്ഷ നേതാവ് യുഡിഎഫ് 110 സീറ്റുകൾ നേടുമെന്നാണ് പറഞ്ഞത്. എന്നാൽ ഇന്ന് അത് 100 ആയി കുറഞ്ഞിരിക്കുകയാണ്. അന്ന് എൽഡിഎഫിന് 99 സീറ്റുകൾ കിട്ടി. ഇപ്രാവശ്യം അതിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് വ്യക്തി അധിക്ഷേപം നടന്ന സമയം കൂടിയാണ് കടന്നുപോയത് എന്നും മന്ത്രി പറഞ്ഞു. ഇതിനോട് യോജിക്കാൻ കഴിയില്ല എന്ന് ജനങ്ങൾ തന്നെ പറയുന്നുണ്ട്. താൻ ഇത്തരത്തിൽ ഒരിക്കലും പറയില്ല. ഭാവിയിൽ പറയാനും പോകുന്നില്ല. ആരോഗ്യകരമായ രാഷ്ട്രീയ സംവാദമാണ് ആവശ്യം. അൻവറിന്റെ വ്യക്തി അധിക്ഷേപത്തിനിരയായ ആദ്യത്തെ ആളല്ല താൻ. പല യുഡിഎഫ് നേതാക്കൾ, പാണക്കാട് തങ്ങൾ മുതൽ രാഹുൽ ഗാന്ധി വരെ അതിന് ഇരയായിട്ടുണ്ട് എന്നും റിയാസ് പറഞ്ഞു.

ബേപ്പൂരിൽ വികസനത്തിനാണ് വോട്ട് എന്നും റിയാസ് പറഞ്ഞു. രാഷ്ട്രീയഭേദമന്യേയുള്ള വോട്ടുകളും തനിക്ക് ലഭിക്കും. ഇടത് തരംഗം തന്നെ നിലനിൽക്കുന്നുണ്ട് എന്നും റിയാസ് പറഞ്ഞു. താൻ എന്നും ജനങ്ങൾക്കൊപ്പമാണ് നിന്നിട്ടുള്ളത്. 82,000ലധികം വോട്ടുകൾ നേടി എൽഡിഎഫ് ബേപ്പൂർ പിടിക്കുമെന്നും റിയാസ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്കാണ് അവസാനിക്കുക. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന മണിക്കൂറിലെ പ്രചാരണം കൊഴുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതിരാവിലെ മുതല്‍ സജീവമാണ്.

ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എല്‍ഡിഎഫ്. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രതിരോധം തീര്‍ക്കുന്നത്.

ഇന്ന് വൈകിട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിക്കഴിഞ്ഞാൽ ബുധനാഴ്ച നിശബ്ദപ്രചാരണമാണ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവർക്കുനേരെ കർശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതൽ നിയോജകമണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.

Content Highlights: P A Mohammed Riyas says LDF will win over 99 seats in Kerala Assembly elections, expressing strong confidence ahead of results.

dot image
To advertise here,contact us
dot image