ഐഷാ പോറ്റി മാറിയത് സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടിയെന്ന് കെ എന്‍ ബാലഗോപാല്‍; തന്നെ അവഗണിച്ചെന്ന് ഐഷാ പോറ്റി

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് ഐഷാ പോറ്റി

ഐഷാ പോറ്റി മാറിയത് സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടിയെന്ന് കെ എന്‍ ബാലഗോപാല്‍; തന്നെ അവഗണിച്ചെന്ന് ഐഷാ പോറ്റി
dot image

കൊല്ലം: ഡീല്‍ ആരോപണം ജനം തള്ളിക്കളയുമെന്ന് മന്ത്രിയും കൊട്ടാരക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ എന്‍ ബാലഗോപാല്‍. ഡീല്‍ ഉണ്ടാക്കുന്നത് യുഡിഎഫ് ആണെന്നും മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ശ്രമമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എലക്ഷന്‍ എക്‌സ്പ്രസില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനോട് പ്രതികരിക്കുകയായിരുന്നു കെ എന്‍ ബാലഗോപാല്‍.

'രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും കിഫ്ബിയുടെ ഗുണം ലഭിച്ചു. കൊട്ടാരക്കരയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. വിജയ പ്രതീക്ഷയില്‍ തന്നെയാണ് മുന്നണികള്‍. ധനകാര്യ വകുപ്പും വിജയകരമായി കൊണ്ടുപോവാന്‍ കഴിഞ്ഞു എന്നാണ് പ്രതീക്ഷ. യുഡിഎഫിന്റെ കാലത്ത് കെഎസ്ആര്‍ടിസി കട്ടപ്പുറത്തായിരുന്നു. കെഎസ്ആര്‍ടിസിക്ക് ഉള്‍പ്പെടെ ബജറ്റില്‍ പറഞ്ഞതില്‍ കൂടുതല്‍ പണം നല്‍കി', കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക പ്രതിസന്ധിയെന്നത് തെറ്റായ പ്രചാരണമാണെന്നും കെ എന്‍ ബാലേഗോപാല്‍ പറഞ്ഞു. ശമ്പളവും ഡിഎ കുടിശ്ശികയും നല്‍കിയെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഗ്യാരണ്ടി പാലിച്ചിട്ടില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തിക പരിമിതിയിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി. സിപിഐഎമ്മില്‍ നിന്ന് ഐഷാ പോറ്റി മാറിയത് സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി മാറിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റി പറഞ്ഞു. എല്ലാം പി ആര്‍ വര്‍ക്ക് മാത്രമാണെന്നും പിണറായി വിജയന്‍ കുറച്ച് കൂടെ സൗമ്യമായി ഇടപെടേണ്ടിയിരുന്നുവെന്നും ഐഷാ പോറ്റി പറഞ്ഞു. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും പാര്‍ട്ടി സെക്രട്ടറിയെ പോലല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും ഐഷാ പോറ്റി കൂട്ടിച്ചേര്‍ത്തു.

'പാര്‍ട്ടിയില്‍ നിന്ന് അകന്ന സമയത്ത് പിണറായിയെ കണ്ടിരുന്നു. ക്ലിഫ് ഹൗസില്‍ വെച്ച് കണ്ടു. പാര്‍ട്ടിയില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞു. അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ഒരുപാട് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ എന്ന് മാത്രം പ്രതികരിച്ചു. പുറത്തുപറയാനാവാത്ത വേദനയാണ് അനുഭവിച്ചത്. കെ എന്‍ ബാലഗോപാലിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. അനിയനെ പോലെയാണ് ബാലഗോപാലിനെ കരുതിയത്. ജയിച്ചുകഴിഞ്ഞപ്പോള്‍ അവഗണിച്ചു', ഐഷാ പോറ്റി പറഞ്ഞു.

കെ എന്‍ ബാലഗോപാലിന് ഈഗോയാണെന്നും അവഗണിച്ചില്ലെങ്കില്‍ ആരെങ്കിലും പാര്‍ട്ടി വിടുമോയെന്നും ഐഷാ പോറ്റി ചോദിച്ചു. ജനങ്ങളുമായി സമ്പര്‍ക്കമുണ്ടാക്കുന്നത് ബാലഗോപാല്‍ ഭയന്നു. ഇതാണ് അവഗണനയ്ക്ക് കാരണമെന്നും ഐഷാ പോറ്റി പറഞ്ഞു. ജി സുധാകരനെ വിളിച്ചിരുന്നുവെന്നും പാര്‍ട്ടി വിട്ടത് നല്ല തീരുമാനം ആണെന്ന് പറഞ്ഞെന്നും ഐഷാ പോറ്റി പറഞ്ഞു.

അധികാരം കിട്ടിയില്ലെങ്കില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ രശ്മി പറഞ്ഞു.

അവഗണനകളാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും രശ്മി പറഞ്ഞു.

'എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും വിളിച്ചിരുന്നു. ബിജെപിയിലേക്ക് പോയത് സന്തോഷത്തോടെ. എല്ലാവരും ചേര്‍ത്തു നിര്‍ത്തുന്നു. കോണ്‍ഗ്രസിലുണ്ടായപ്പോള്‍ എന്നെ മാറ്റി നിര്‍ത്തി. നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നാണ് വോട്ട് ചോദിക്കുമ്പോള്‍ ആളുകള്‍ പറയുന്നത്', ആര്‍ രശ്മി കൂട്ടിച്ചേര്‍ത്തു.

Content Highlights: Kottarakkara candidates K N Balagopal, Aisha Potty, R Rashmi about Kerala assembly Election

dot image
To advertise here,contact us
dot image