സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റ്; ഇരകള്‍ക്ക് നീതി ലഭിക്കണം, നടക്കാന്‍ പാടില്ലാത്ത സംഭവമെന്ന് രമേഷ് പിഷാരടി

ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റ്; ഇരകള്‍ക്ക് നീതി ലഭിക്കണം, നടക്കാന്‍ പാടില്ലാത്ത സംഭവമെന്ന് രമേഷ് പിഷാരടി
dot image

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. പൊലീസ് നടപടി എടുത്തിട്ടുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കണം. നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും രമേഷ് പിഷാരടി പറഞ്ഞു.

ഇന്റേണല്‍ കമ്മിറ്റിക്ക് ശിക്ഷ നല്‍കാന്‍ കഴിയില്ല. ഒരു ഫസ്റ്റ്എയിഡ് എന്ന നിലയില്‍ മാത്രമെ അതിനെ കാണാന്‍ കഴിയൂ. അതിന് പരിമിതി ഉണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.

ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.

കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടിയ നടി സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു. കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്.

ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ രഞ്ജിത്തിനെതിരെ സമാനരീതിയില്‍ രണ്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. ബംഗാളി നടിയും ഒരു യുവാവുമായിരുന്നു രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ മതിയായ തെളിവുകളില്ലെന്ന് കാണിച്ച് കോടതി ഈ കേസുകള്‍ റദ്ദാക്കുകയായിരുന്നു.

Content Highlights: UDF candidate Ramesh Pisharody reacts to the arrest of director Ranjith

dot image
To advertise here,contact us
dot image