

ന്യൂ ഡൽഹി: വിവാദ എഫ്‌സിആർഎ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയ്‌ക്കെടുക്കാതെ കേന്ദ്രസർക്കാർ. പ്രതിപക്ഷം അടക്കം കനത്ത പ്രതിഷേധം അഴിച്ചുവിടവെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ലോക്സഭയ്ക്ക് അകത്തും പാർലമെന്റിന് പുറത്തും പ്രതിപക്ഷ എംപിമാർ വലിയ പ്രതിഷേധമാണ് നടത്തിയത്.
എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെയ്ക്കുന്നത് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമെന്റ് കവാടത്തിന് മുൻപിലാണ് ബാനർ ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ലോക്സഭയിൽ കിരൺ റിജിജു പ്രസംഗിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. ഭേദഗതിയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും കിരൺ റിജിജു പറഞ്ഞു. ബില്‍ വിദേശപണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാനാണെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
എഫ്‌സിആർഎ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപിമാര്‍ക്കും സിബിസിഐ നിവേദനം നല്‍കിയിരുന്നു. വിശദ പരിശോധനയ്ക്കായി ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്നും പരാതികൾ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സിബിസിഐ നിവേദനം നൽകിയത്.
ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോൾ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എൻജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമർശിച്ചിരുന്നു.
എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയും രംഗത്തെത്തിയിരുന്നു. എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു മാരകായുധമാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജണ്ടകള്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ ഇത് സൂചനയല്ല, കൃത്യമായ സന്ദേശമാണെന്നും ദീപിക കുറ്റപ്പെടുത്തി. 'സംഘപരിവാര്‍ ആക്രമണങ്ങള്‍, മതപരിവര്‍ത്തന നിരോധന നിയമം, എഫ്‌സിആര്‍എ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം. ക്രൈസ്തവരെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ലെന്ന് പറയാനാവില്ല' എന്നും മുഖപ്രസംഗത്തില്‍ പരിഹാസമുണ്ട്.
Content Highlights: The central government decided not to take up the controversial amendment to the Foreign Contribution Regulation Act for discussion in the Lok Sabha, triggering strong protests from opposition parties. MPs staged demonstrations both inside Parliament and outside, accusing the government of bypassing democratic procedures and avoiding debate on a crucial legislative issue.