

കൊച്ചി : എഫ്‌സിആര്‍എ നിയമഭേദഗതിയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ബില്ലിൽ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലെന്നും ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. രാജ്യം ഭരിക്കുന്ന പാർട്ടി ഈ ബില്ലിനെ കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് പറയുമ്പോഴും ക്രൈസ്തവ- ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ ആശങ്ക വർധിക്കുകയാണ്. എഫ്‌സിആര്‍എ നിയമഭേദഗതിയുടെ ഭാഗമായി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ല. ബിൽ ഏകാധിപത്യ അധികാരം നൽകുന്നതാണെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. കോടതി ഈ വിഷയം നിരീക്ഷിച്ചെങ്കിലും അവിടെയും ക്രൈസ്തവ പ്രാതിനിധ്യം ലഭിച്ചില്ല. ക്രൈസ്തവരെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്നതാണ് സർക്കാരിൻ്റെ ഉത്തരവാദിത്വം. ഒരു വിഭാഗവും അകന്നുപോകരുത്. മതേതരത്വവും ഭരണഘടനയും ജനങ്ങളുടെ കൂട്ടുത്തരവാദിത്തവും സംരക്ഷിക്കുക എന്നതും സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുക എന്നതാണ് ഭരണാധികാരിയുടെ മികവ്. എഫ്‌സിആർഎ വിഷയത്തിൽ രാജ്യം ഭരിക്കുന്നവർ തങ്ങളെ ചേർത്തുനിർത്തിയതായി അനുഭവപ്പെടുന്നില്ലെന്നും ക്ലീമിസ് ബാവ പറഞ്ഞു.
അവരവരുടെ വിശ്വാസത്തിൽ ജീവിക്കാൻ പൂർണ സ്വത്രന്തമുള്ള ഒരു ഭരണഘടന മുമ്പിൽ വെച്ചുകൊണ്ട് അധികാരം ഏൽകുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അത് എല്ലാം വിഭാഗങ്ങൾക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസിയുടെ അടിയന്തര യോഗം ഇന്ന് നടക്കും. സഭകൾ എല്ലാം ആവശ്യപ്പെടുന്നത് എഫ്‌സിആര്‍എ നിയമഭേദഗതി പുനഃപരിശോധിക്കണമെന്നാണെന്നും കേന്ദ്ര സർക്കാർ അതിനുള്ള തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെസഹാ വ്യാഴാഴ്ചയും ദുഃഖ വെള്ളിയാഴ്ചയും ഇലക്ഷനുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശീലനം സംഘടിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇലക്ഷൻ അടുത്ത് പോയത് കൊണ്ടാണ് ഇങ്ങനെ പരിശീലനം വെച്ചതെന്നാണ് അതിന് നൽകിയ വിശദീകരണം. ജനങ്ങൾ അല്ലലോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇതെല്ലാം ഒരുമിച്ച് വരുമെന്ന് അറിയാവുന്നത് ജനങ്ങളെക്കാൾ കൂടുതൽ നടത്തിപ്പുകാർക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ആശങ്കൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ക്ലീമിസ് കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
Content Highlight : Baselios Cleemis Catholicos has come out with sharp criticism against the FCRA amendment