

തിരുവനന്തപുരം: കൂടുതല്‍ മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട് മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടെന്ന് വി ഡി സതീശന്‍ ആരോപിച്ചു. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ 32,000 വോട്ട് കെ സുരേന്ദ്രന് ലഭിച്ചിരുന്നു. ഇത്തവണ അത് ബിഡിജെഎസിന് കൊടുത്തു. റാന്നി ശബരിമല ഇരിക്കുന്ന മണ്ഡലമാണ്. അത് ട്വന്റി 20ക്ക് കൊടുത്തു. ശബരിമല വിഷയമൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമാണ് അവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറയുന്നത്. കൂടുതലൊന്നും പറയിപ്പിക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.
കാസര്‍കോട്, മഞ്ചേശ്വരം, പാലക്കാട് ഇവിടെയെല്ലാം സിപിഐഎം-ബിജെപി ധാരണയാണ്. ഡീല്‍ കോണ്‍ഗ്രസ് പൊളിക്കും. പൂരം കലക്കിയാണ് തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയത്. അതിനാണ് കരുവന്നൂരില്‍ ഇ ഡി എത്തിയത്. തൃശൂരില്‍ ബിജെപി വിജയിച്ച ശേഷം ഇ ഡിയെ കണ്ടിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രിയാണ് ചര്‍ച്ച നടത്തിയത്. മസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്. കോ-ലീ-ബി സഖ്യം ഞങ്ങളെ പഠിപ്പിക്കേണ്ട. ബിജെപി ഡീലാണ് മുഖ്യമന്ത്രിയുടെ ചരിത്രം. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. 1977ല്‍ ആര്‍എസ്എസ് പിന്തുണയോടെയല്ലേ മുഖ്യമന്ത്രി ജയിച്ചത്. ചരിത്രം ഓര്‍മ്മിക്കരുത്. ഇത് മതേതര കേരളമാണ്. ഇവിടെ ഒരു ഡീലും നടക്കില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.
തൃശൂരില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വി എസ് സുനില്‍ കുമാറിന് ലഭിച്ചിരുന്നു. വിജയസാധ്യത കൂടുതലുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ന്യൂനപക്ഷ വോട്ടുകള്‍ അടക്കം പോയത്. എന്നിട്ടും സുനില്‍ കുമാറിന് സിപിഐഎം വോട്ടുകള്‍ കിട്ടിയില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിന്റെ മറവില്‍ നടന്നത് തൃശൂര്‍ സീറ്റിനുള്ള ഡീല്‍ ആണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന വിമര്‍ശനത്തിലും വി ഡി സതീശന്‍ മറുപടി നല്‍കി. കൊല്ലത്ത് മത്സരിക്കുമ്പോള്‍ മുകേഷ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നല്ലോ എന്നായിരുന്നു വി ഡി സതീശന്റെ പരിഹാസം.
Content Highlights: VD Satheesan alleges CPIM-BJP deal in Ranni, Konni, Manjeswaram, Kasaragod, Palakkad