കാലം മാറിയത് പിണറായി അറിഞ്ഞിട്ടില്ല, ഇപ്പോഴും കോലീബി സഖ്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു: എസ് സുരേഷ്

മാര്‍ക്‌സിസ്റ്റ്, കോണ്‍ഗ്രസ്, ജമാഅത്ത്, എസ്ഡിപിഐ സഖ്യം ആണ് ഇപ്പോള്‍ നാട്ടില്‍ ഉള്ളതെന്നും സുരേഷ് ആരോപിച്ചു

കാലം മാറിയത് പിണറായി അറിഞ്ഞിട്ടില്ല, ഇപ്പോഴും കോലീബി സഖ്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു: എസ് സുരേഷ്
dot image

തിരുവനന്തപുരം: എന്‍ഡിഎയ്ക്ക് ചരിത്രത്തിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് എസ് സുരേഷ്. അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ വലിയ നീക്കങ്ങള്‍ നടക്കുന്നുവെന്ന് എസ് സുരേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഡീല്‍ രാഷ്ട്രീയം പറയുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

'നേമത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് - എല്‍ഡിഎഫ് ഡീല്‍ ഉണ്ടാക്കി. മുരളീധരന്‍ ചാവേര്‍ ആയി മൂന്നാം സ്ഥാനത്ത് പോയി. ബിജെപി ജയിക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് ചാവേര്‍ ആകാന്‍ തയ്യാറാകുന്ന ആളാണ് മുരളീധരന്‍. എല്‍ഡിഎഫ്- യുഡിഎഫ് ഡീല്‍ മറച്ചു വെക്കാന്‍ ഉള്ള നീക്കം നടക്കുന്നു', എസ് സുരേഷ് പറഞ്ഞു.

ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം വോട്ടുകള്‍ തിരുവനന്തപുരത്ത് ശശി തരൂരിന് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. മാര്‍ക്‌സിസ്റ്റ്, കോണ്‍ഗ്രസ്, ജമാഅത്ത്, എസ്ഡിപിഐ സഖ്യം ആണ് ഇപ്പോള്‍ നാട്ടില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോഴും കോലീബി സഖ്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഇത്രയും കാലഹരണപ്പെടാമോയെന്നും അദ്ദേഹം പരിഹസിച്ചു. കാലം മാറിയത് പിണറായി വിജയന്‍ അറിഞ്ഞിട്ടില്ലെന്നും സുരേഷ് പറഞ്ഞു.

Also Read:

ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎല്‍എ പരാമര്‍ശത്തെ കുറിച്ചും എസ് സുരേഷ് പ്രതികരിച്ചു. 'മതമാണ് മതമാണ് പ്രശ്‌നം എന്ന് പറയുന്നവരെ ചുമന്നുകൊണ്ട് പറയുന്ന വര്‍ഗീയവാദിയാണ് വി ഡി സതീശന്‍. ഗോപാലകൃഷ്ണന്‍ പറഞ്ഞത് ഒരു വിശ്വാസി വിജയിച്ച് വരണം എന്നാണ്. അതില്‍ എന്താണ് പ്രശ്‌നം. കൈയിട്ടു വരുന്നവര്‍ ഭരിക്കുന്ന കേരളത്തില്‍ വിശ്വാസി വരണം എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്', എസ് സുരേഷ് പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 29ന് തൃശ്ശൂരും പാലക്കാടും പ്രധാനമന്ത്രിയെത്തുമെന്നും തൃശൂരില്‍ റോഡ് ഷോയിലും, പാലക്കാട് മഹാറാലിയിലും പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നും എസ് സുരേഷ് കൂട്ടിച്ചേര്‍ത്തു. അമിത് ഷാ, ജെ പി നദ്ദ, നിര്‍മല സീതാരാമന്‍ തുടങ്ങിയവരും പ്രചരണത്തിനായി സംസ്ഥാനത്ത് എത്തുമെന്ന് എസ് സുരേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlights: S Suresh against CM Pinarayi Vijayan on deal allegation

dot image
To advertise here,contact us
dot image