നിയമസഭാംഗം അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി കസേരയിലെത്തിയവര്‍; കേരളം മറക്കാത്ത രാഷ്ട്രീയ പ്രതിസന്ധികള്‍

മുഖ്യമന്ത്രി എംഎല്‍എ ആകാനായി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ഓരോ രാഷ്ട്രീയ സാഹചര്യവും വിവിധ കാലഘട്ടങ്ങളില്‍ കേരളത്തിന്റെ പൊതുരംഗത്തെ സ്വാധീനിച്ച വിഷയങ്ങളിലേക്കുള്ള ചൂണ്ടുപലകകള്‍ കൂടിയാണ്

നിയമസഭാംഗം അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി കസേരയിലെത്തിയവര്‍; കേരളം മറക്കാത്ത രാഷ്ട്രീയ പ്രതിസന്ധികള്‍
dot image

രാഷ്ട്രീയ കോളിളക്കങ്ങള്‍ മുഖ്യമന്ത്രി കസേര തെറിപ്പിക്കുകയും അപ്രതീക്ഷിത നീക്കങ്ങളിലൂടെ പലരും അധികാരകേന്ദ്രങ്ങളിലേക്ക് എത്തുകയും ചെയ്ത ചരിത്രം കേരളത്തിന്റെ തെരഞ്ഞെടുപ്പ് നാളുകള്‍ക്ക് പറയാനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് സാമാജികനാകാതെ തന്നെ മുഖ്യമന്ത്രി പദവിയിലെത്തിയ ചില പ്രമുഖരും കേരളത്തിലുണ്ട്. അവര്‍ പിന്നീട് ഉപതെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷം സ്വന്തമാക്കി തങ്ങള്‍ ആ പദവിയിലേക്ക് എത്താന്‍ അര്‍ഹതപ്പെട്ടവരാണെന്ന ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഓരോ ഉപതെരഞ്ഞെടുപ്പുകളിലേക്കും നയിച്ച സാഹചര്യങ്ങള്‍, ഓരോ കാലഘട്ടത്തിലും കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളെ സ്വാധീനിച്ച വിഷയങ്ങളിലേക്കുള്ള ചൂണ്ടുപലകകള്‍ കൂടിയാണ്. മന്ത്രിസഭയിലേക്ക് എത്താന്‍ എംഎല്‍എ പദവി നിര്‍ബന്ധമല്ലെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭാ അംഗമാകണമെന്നാണ് നിയമം അനുശാസിക്കുന്നത്.

സി അച്യുത മേനോന്‍

1967ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ രണ്ട് വര്‍ഷത്തിന് ശേഷം 1969ല്‍ കൂപ്പുകുത്തിയതിന് പിന്നാലെയാണ് സി അച്യുത മേനോന്‍ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 1969 നവംബര്‍ ഒന്നിന് അച്യുതമേനോന്‍ സിപിഐയുടെ നേതൃത്വത്തിലുള്ള മുന്നണിയുമായി അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് അദ്ദേഹം രാജ്യസഭാ അംഗമായിരുന്നു. ആ സ്ഥാനം രാജിവെച്ചാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നത്.

Also Read:

1970 ഏപ്രിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്നുമാണ് സി അച്യുത മേനോന്‍ നിയമസഭയിലേക്ക് ജയിച്ചുകയറുന്നത്. ഇ ചന്ദ്രശേഖരനെ രാജി വെപ്പിച്ചാണ് സിപിഐ സി അച്യുത മേനോനായി കൊട്ടാരക്കരയില്‍ കളമൊരുക്കിയത്. നവംബറില്‍ അധികാരത്തിലേറിയ അച്യുത മേനോന്‍ സര്‍ക്കാരിന് മെയ് ഒന്നിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമായിരുന്നു. അതുകൊണ്ട് തന്നെ അവസാന ഏപ്രില്‍ 21ന് നടന്ന ഉപതെരഞ്ഞെടുപ്പിന് 'ഡെഡ് ലൈനി'ന്റെ സമ്മര്‍ദം കൂടിയുണ്ടായിരുന്നു. എന്നാല്‍ ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 26000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സി അച്യുത മേനോന്‍ വിജയിച്ചു കയറി. അങ്ങനെ എംഎല്‍എ ആകുന്നതിന് മുന്‍പ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്ന ആദ്യ നേതാവെന്ന നേട്ടവും സി അച്യുതമേനോന്‍ സ്വന്തമാക്കി.

C Achutha Menon
സി അച്യുത മേനോന്‍

കടമ്പകളെല്ലാം മറികടന്ന് എന്ന ആശ്വാസത്തോടെ ഭരണം തുടങ്ങിയ അച്യുത മേനോന് പക്ഷെ ഏറെ നാള്‍ ആശ്വസിക്കാനായില്ല. ഘടകക്ഷിയായിരുന്ന ഐഎസ്പിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മന്ത്രിസഭയെ താഴെയിറക്കി. പിഎസ്പി നേതാവ് പി കെ കുഞ്ഞിന്റെ പേരിലുണ്ടായിരുന്ന അന്വേഷണ നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തതിന് പിന്നാലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന എന്‍ കെ ശേഷനെ പിന്‍വലിക്കാന്‍ ഐഎസ്പി തീരുമാനിച്ചു. പി കെ കുഞ്ഞിനെ മന്ത്രിയാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തോടെ എന്‍ കെ ശേഷന്‍ രണ്ട് പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം എസ്എസ്പി എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇതോടെ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ സി അച്യുതമേനോന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 1970 ആഗസ്റ്റ് 3നായിരുന്നു സി അച്യുതമേനോന്‍ തന്റെ രാജി കത്ത് സമര്‍പ്പിച്ചത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയായി എത്തിയ അദ്ദേഹം 1977 വരെ തുടര്‍ന്നു. കേരളത്തില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി എന്ന നേട്ടവും സി അച്യുത മേനോന്‍ സ്വന്തമാക്കി.

എ കെ ആന്റണി

രണ്ട് തവണയാണ് എ കെ ആന്റണി എംഎല്‍എ പദവിയിലേക്ക് എത്തും മുന്‍പേ മുഖ്യമന്ത്രിയായത്. രണ്ട് തവണയും കെ കരുണാകരന് അധികാരക്കസേര വിട്ടൊഴിയേണ്ട കലുഷിതമായ സാഹചര്യങ്ങള്‍ രൂപപ്പെട്ടതിന് പിന്നാലെയായിരുന്നു എ കെ ആന്റണി മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്.

Also Read:

രാജന്‍ കേസുമായി ബന്ധപ്പെട്ട കോടതി ഇടപെടലും ജനരോഷവും ശക്തമായതിന് പിന്നാലെ 1977-ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ് എ കെ ആന്റണിക്ക് മുഖ്യമന്ത്രിയാകാന്‍ ആദ്യമായി കളമൊരുങ്ങിയത്. ഒരു മാസം മാത്രമായിരുന്നു അന്ന് കെ കരുണാകരന് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനായത്. ആ കസേരയിലേക്ക് പിന്നീട് എത്തിയ എ കെ ആന്റണി എംഎല്‍എയാകാതെ മുഖ്യമന്ത്രിയാകുന്നു എന്ന അപൂര്‍വതയ്‌ക്കൊപ്പം കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. അന്ന് മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 37 വയസ്സായിരുന്നു.

A K Antony
എ കെ ആന്‍റണി

1977ല്‍ അന്ന് കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിട്ട എ കെ ആന്റണി വിജയിച്ച് നിയമസഭാംഗമായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം (1978) അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്‌സഭാ ഇലക്ഷനില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ചിക്കമംഗ്ലൂരില്‍ മത്സരിച്ച ഇന്ദിരാ ഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 1978-ല്‍ എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയും ചെയ്തു. ഏറെ വൈകാതെ കേരളത്തിലെ കോണ്‍ഗ്രസില്‍ (എ) ഗ്രൂപ്പ് രൂപീകരിച്ച് പാര്‍ട്ടി വിട്ട് ഇടത് മുന്നണിയിലേക്കും ചേക്കേറി. ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല.

1995ലാണ് എ കെ ആന്റണി വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. ചാരക്കേസിനെ തുടര്‍ന്ന് പാര്‍ട്ടിയിലും മുന്നണിയിലും ദുര്‍ബലനായ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എ കെ ആന്റണി കേരളത്തിലേക്ക് നിയോഗിക്കുന്നത്. നരസിംഹറാവു അടക്കമുള്ള നേതാക്കള്‍ക്ക് കരുണാകരനോടുള്ള അനിഷ്ടമാണ് ഈ രാഷ്ട്രീയ കരുനീക്കമായി മാറിയതെന്ന അഭ്യൂഹങ്ങള്‍ ഇന്നും ശക്തമാണ്. ഇതോടൊപ്പം, ഘടകകക്ഷി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി എന്നിവരെ കൂട്ടുപിടിച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കമാണ് എ കെ ആന്റണിക്ക് വീണ്ടും മുഖ്യമന്ത്രിയാകാന്‍ വഴി തുറന്നതെന്ന നിരീക്ഷണങ്ങളുമുണ്ട്.

Also Read:

1977ല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കെ ആയിരുന്നു മുഖ്യമന്ത്രിയാകാനുള്ള ആദ്യ ക്ഷണമെങ്കില്‍, 1995ല്‍ രാജ്യസഭാംഗമായിരിക്കേ ആണ് എ കെ ആന്റണിയെ തേടി രണ്ടാമതും ദൗത്യം വരുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ നിന്ന് 22000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി എ കെ ആന്റണി നിയമസഭയിലേക്ക് എത്തി. 1996ലെ അടുത്ത തെരഞ്ഞെടുപ്പ് വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് 1996ൽ എൽഡിഎഫ് അധികാരത്തിലെത്തിയതോടെ എ കെ ആൻ്റണി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 2001ലാണ് പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായി എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ നിന്നും ജയിച്ചാണ് ഈ തവണ അദ്ദേഹം നിയമസഭയിലെത്തിയത്.

ഇ കെ നായനാര്‍

1980 ലും, 1987 ലും, 1996 ലും സിപിഐഎം മുഖ്യമന്ത്രി കസേര നായനാരെ ഏല്‍പ്പിച്ചിരുന്നു. അതില്‍ 1996 ല്‍ മൂന്നാമതും മുഖ്യമന്ത്രിയാകുമ്പോള്‍ നായനാര്‍ നിയമസഭാംഗമായിരുന്നില്ല. 80 സീറ്റുകള്‍ എന്ന നിര്‍ണായക ഭൂരിപക്ഷം നേടിയായിരുന്നു അന്ന് തെരഞ്ഞെടുപ്പില്‍ എല്‍ഡിഫ് അധികാരത്തില്‍ എത്തിയത്.

E K Nayanar
ഇ കെ നായനാര്‍

അന്നത്തെ തെരഞ്ഞെടുപ്പ് നാളുകളുടെ തുടക്കത്തില്‍ ഇ കെ നായനാര്‍ ചിത്രത്തില്‍ തന്നെ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍പന്തിയില്‍ നിന്ന വി എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. എന്നാല്‍ ഈ വിഷയം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വോട്ടിനിട്ടപ്പോള്‍ സുശീല തഴയപ്പെട്ടു, നായനാര്‍ക്കായിരുന്നു നറുക്ക് വീണത്. പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയ അദ്ദേഹം, തലശ്ശേരിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി.


Content Highlights: Kerala Election 2026: Three leaders who became Chief Ministers before becoming MLA. C Achutha Menon, A K Antony and E K Nayanar became chief ministers as result of different political turmoils in the state

dot image
To advertise here,contact us
dot image