

ആലപ്പുഴ : മുൻമന്ത്രി ജി സുധാകരൻ സിപിഐഎമ്മുമായി അകന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ജി സുധാകരൻ ചെയ്തതെന്നും പാർട്ടിയെ സുധാകരൻ ചതിച്ചെന്നും സജി ചെറിയാൻ പറഞ്ഞു.
ജി സുധാകരന് പാർട്ടിക്കെതിരെ ഒരക്ഷരം പറയാൻ അർഹതയില്ല. അമ്പലപ്പുഴയിൽ സുധാകരൻ ഒരു ഭീഷണിയും അല്ല. മത്സരിക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ പരിശോധിക്കും. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
സംസ്ഥാനത്തെ ‘പൊളിറ്റിക്കൽ ഗുണ്ടകൾ’ എന്നത് ഏത് ഗുണ്ടയെ പറ്റിയാണ് അദ്ദേഹം പറയുന്നതെന്ന് അറിയില്ല. പൊളിറ്റിക്കൽ ഗുണ്ടകൾ ആരെന്നാണ് സുധാകരൻ ഉദ്ദേശിക്കുന്നതെന്നും സുധാകരൻ ഉൾപ്പെടെയല്ലേ ആലപ്പുഴയിലെ പാർട്ടിയെ നയിച്ചതെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയിൽ എങ്ങനെ നിൽക്കണമെന്ന് തങ്ങൾ പരിശീലിച്ചിട്ടുണ്ട്. ജി സുധാകരന്റെ വിമർശനങ്ങൾ ക്ലച്ച് പിടിക്കുന്നതല്ല. സുധാകരൻ അത്രയും തരംതാന്ന് പറയും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ജി സുധാകരന് മത്സരിക്കണം എന്നാണ് ആഗ്രഹം. അദ്ദേഹം മത്സരിക്കട്ടെ. അദ്ദേഹം തുറന്ന നിലപാട് എടുത്തുവെന്നും സജി ചെറിയാൻ പറഞ്ഞു.
നല്ല രാഷ്ട്രീയ കാഴ്ചപ്പാടുള്ള പാർട്ടിയാണ് സിപിഐഎം. വി എസ് അച്യുതാനന്ദൻ പറഞ്ഞതുപോലെ നേരെ പോകുന്ന പാർട്ടിയാണ് സിപിഐഎം. ആലപ്പുഴയിലെ പാർട്ടി ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് മുമ്പിൽ പാർട്ടിക്ക് ഒരു കൂസലും ഇല്ല. സുധാകരനെതിരെ താൻ വ്യക്തിപരമായി ഒന്നും പറയില്ലെന്നും രാഷ്ട്രീയ പ്രശ്നമാണ് താൻ ഉന്നയിക്കുന്നതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ജി സുധാകരനോട് തങ്ങൾ എന്ത് ദ്രോഹം ചെയ്തു. നാല് പ്രാവശ്യം എംഎൽഎ ആയി.
രണ്ട് പ്രാവശ്യം മന്ത്രി ആയി. ഇത്രയും സ്ഥാനങ്ങൾ വഹിച്ച ഒരു രാഷ്ട്രീയ നേതാവ് എന്തിനാണ് ഇപ്പോൾ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അറിയില്ല. താൻ എന്തുകൊണ്ട് മത്സരിക്കുന്നുവെന്ന് അദ്ദേഹം തന്നെ പറയണം. ജി സുധാകരനെ ചേർത്ത് പിടിക്കാൻ ആണ് തങ്ങൾ ശ്രമിച്ചത്.
തങ്ങളായി ജി സുധാകരനെ പാർട്ടിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടില്ല. ഒന്നുകൂടി മത്സരിക്കണം എന്ന് പറഞ്ഞ് അദ്ദേഹം പാർട്ടി വിട്ടുപോയാൽ അതിന് തങ്ങൾ എന്തുവേണമെന്നും സജി ചെറിയാൻ ചോദിച്ചു. ഇന്നലെ വൈകിട്ടും സെക്രട്ടറിയേറ്റ് അംഗങ്ങൾ സുധാകരനെ പോയി കണ്ടിരുന്നു. സുധാകരനെ തങ്ങളുടെ കൂടെ നിർത്താനാണ് പാർട്ടി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് തകരാൻ പോകുകയാണ്. എവിടെ ആരെ കിട്ടിയാലും സ്വതന്ത്രനാക്കും.
എത്രയോ നേതാക്കൾ അമ്പലപ്പുഴയിൽ ഉണ്ടെന്നും കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ചുണക്കുട്ടന്മാരെയാണ് സിപിഐഎം മത്സരിപ്പിക്കുന്നതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Content Highlight : Kerala Minister Saji Cheriyan responded following former minister G Sudhakaran’s distancing from CPM, addressing internal party matters and political implications.