

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്ന് മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്ന് കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽ നിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല.
ഹെവി വെഹിക്കിൾസ് നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംങ്ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണ് പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്ക് പോകുന്നത്. രാവിലെ 11.00 മുതൽ ഇതിനായി വാഹനങ്ങൾ വഴിതിരിച്ചുവിടും.
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം, കാക്കനാട്, ആലുവ ഭാഗത്തേക്കുള്ള ബസുകൾ ബിഒടി ഈസ്റ്റ് ജംങ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ, എൻഎച്ച് 66, വൈറ്റില, ഇടപ്പള്ളി വഴി പോകണം. ആലുവ, കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട്കൊച്ചി ഭാഗത്തേക്കുള്ള ബസുകൾ കുണ്ടന്നൂർ, ബിഒടി ഈസ്റ്റ്, തോപ്പുംപടി വഴി പോകണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ പലയിടത്തും ഗതാഗത നിയന്ത്രണമുണ്ടാകും.
Content Highlights: Traffic restrictions in Kochi city today in connection with Prime Minister's visit