ആഗോള അയ്യപ്പ സംഗമം; സ്‌പോൺസർഷിപ്പിനെക്കാൾ കൂടുതൽ ചെലവ്; ദേവസ്വം ബോർഡ് ഉത്തരം പറയണമെന്ന് ഹൈക്കോടതി

ബോർഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നതാണ് സംഗമവുമായി ബന്ധപ്പെട്ട പല ഇടപാടകളെന്നും കോടതി പറഞ്ഞു

ആഗോള അയ്യപ്പ സംഗമം; സ്‌പോൺസർഷിപ്പിനെക്കാൾ കൂടുതൽ ചെലവ്; ദേവസ്വം ബോർഡ് ഉത്തരം പറയണമെന്ന് ഹൈക്കോടതി
dot image

കൊച്ചി: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചതിനെക്കാൾ കൂടുതലാണെന്ന് ഓഡിറ്റിങ്ങിൽ വ്യക്തമായി, ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വി രാജ വിജയരാഘവനും കെ വി ജയകുമാറും അടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഡിറ്റ് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്‌സാണ് അയ്യപ്പ സംഗമത്തിന്റെ വരവുചെലവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയത്. ഇത് പരിശോധിച്ച ശേഷമാണ് കോടതി ബോർഡ് ഇക്കാര്യത്തിൽ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടത്.

ബോർഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നതാണ് സംഗമവുമായി ബന്ധപ്പെട്ട പല ഇടപാടുകളും. ഇക്കാര്യത്തിൽ ബോർഡ് കൂടുതൽ സമയം ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഓഡിറ്റിങ് നടത്തുമ്പോൾ നേരിടേണ്ടി വന്ന പ്രശ്‌നങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഓഡിറ്റ് സ്ഥാപനത്തിന് നിർദേശവും നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും നിർദേശം നൽകാനും പറഞ്ഞിട്ടുണ്ട്.

സംഗമത്തിൽ നടന്ന പല പരിപാടികളുടെയും ചെലവ് കൃത്യമായി വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ജോയിന്റ് മെഷർമെന്റ് റിപ്പോർട്ടിലെ പൊരുത്തക്കേടും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. സംഗമത്തിനായി ആരംഭിച്ച ധനലക്ഷ്മി ബാങ്ക് അക്കൗണ്ടിൽ ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക്, അദാനി വിഴിഞ്ഞം പോർട്ട് എന്നിവർ ചേർന്ന് നൽകിയത് 3.98കോടിയാണ്. ഇതുകൂടാതെ ദേവസ്വം അക്കൗണ്ടിൽ നിന്നും അഞ്ചുകോടിയാണ് ഇതേ അക്കൗണ്ടിലെത്തിയത്. സംഗമം നടത്തിപ്പിന്റെ ഉത്തരവാദിത്തം ലഭിച്ച ഊരാളുങ്കൽ സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻസ് അയച്ച പുതുക്കിയ ബിൽ സ്റ്റേറ്റ്‌മെന്റിൽ 7.04കോടിയാണ് ചെലവ് കാണിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് കോടി മുൻകൂറായി നൽകിയിട്ടുണ്ട്. ബാക്കി 4.04കോടി ലഭിക്കാനുണ്ട്.

Content Highlights: Kerala High Court sought clarification from Travancore Devaswom Board regarding extra spending for Ayyappa Sangamam

dot image
To advertise here,contact us
dot image