പോക്‌സോ കേസ് നിലനിൽക്കില്ല, പറഞ്ഞത് പ്രായപൂർത്തിയായവരുടെ പേരുകൾ: ആർ ശ്രീലേഖ

"രാഷ്ട്രീയത്തിൽ കേറിയത് മുതൽ എനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തതിനാൽ അത് വർധിച്ചു, വട്ടിയൂർക്കാവിൽ ഞാൻ മത്സരിച്ചേക്കാമെന്ന സാധ്യത വന്നതിനാലാകാം."

പോക്‌സോ കേസ് നിലനിൽക്കില്ല, പറഞ്ഞത് പ്രായപൂർത്തിയായവരുടെ പേരുകൾ: ആർ ശ്രീലേഖ
dot image

തിരുവനന്തപുരം: പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്തവരുടെ അടക്കം പേര് വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ പോക്‌സോ കേസ് ചുമത്തപ്പെട്ടതിൽ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. തനിക്കെതിരെ വ്യക്തിഹത്യ നടത്താൻ വേണ്ടി മാത്രം ഉയർത്തിക്കൊണ്ടുവന്ന പരാതിയാണ് ഇതെന്നും വീഡിയോയിൽ പറഞ്ഞത് പ്രായപൂർത്തിയായവരുടെ പേരുകൾ മാത്രമാണെന്നും ആർ ശ്രീലേഖ പറഞ്ഞു.

'മുപ്പത്തിമൂന്നര വർഷം പൊലീസ് ഉദ്യോഗസ്ഥയായ വ്യക്തിയാണ്. 2012 ൽ പോക്സോ ഇറങ്ങിയപ്പോൾ സന്തോഷിച്ചയാളാണ്. കുട്ടികൾക്കും വനിതകൾക്കും വേണ്ടി പ്രവർത്തിച്ചയാളാണ്. നിർഭയ സ്‌കീം വന്നപ്പോൾ അതിന്റെ നോഡൽ ഓഫീസർ ആയിരുന്നു. 2020ലോ 2021 ലോ സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിൽ ചെയ്ത വീഡിയോയിൽ പേര് വെളിപ്പെടുത്തിയെന്നാണ് കേസിൽ പറയുന്നത്.

എന്റെ നേതൃത്വത്തിൽ കേരള പൊലീസ് അന്വേഷിച്ച് സിബിഐക്ക് കൈമാറിയതാണ് കിളിരൂർ കേസ്. കിളിരൂർ കേസിൽ എല്ലാ പ്രതികളെയും ശിക്ഷിച്ചു. പീഡനത്തിന് ഇരയായി മരണപ്പെട്ട പെൺകുട്ടിയുടെ പേരാണ് പറഞ്ഞത്. ആ കേസിലെ പെൺകുട്ടിയെ മൈനർ എന്നാണ് ആദ്യം രേഖപ്പെടുത്തിയത്. പക്ഷെ അല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ആ കുട്ടി 2003ൽ മരണപ്പെടുമ്പോൾ പ്രായം ഇരുപതിനോട് അടുത്തായിരുന്നു. അതുകൊണ്ട് തന്നെ പോക്‌സോ കേസ് നിലനിൽക്കില്ല.

പീഡനത്തിന് ഇരയായവർ ജീവിച്ചിരിക്കുമ്പോൾ ആ അതിജീവിതയ്‌ക്കോ കുടുംബത്തിനോ സമൂഹത്തിൽ നിന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരാതിരിക്കാൻ വേണ്ടിയാണ് പേരോ വിവരങ്ങളോ വെളിപ്പെടുത്തരുത് എന്ന് പറയുന്നത്. എന്നാൽ, കുറ്റകൃത്യത്തിന് ഇരയായവർ മരണപ്പെട്ട് വർഷങ്ങൾക്ക് ശേഷം, മാധ്യമങ്ങളിലു വിക്കിപീഡിയയിലും പോലും അവരുടെ വിവരങ്ങൾ വന്ന ശേഷമാണ് ഞാൻ വീഡിയോ ചെയ്തിരിക്കുന്നത്.

ആ വീഡിയോ വന്ന് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പരാതി ഉയരുന്നതിന് പിന്നിൽ എന്നെ വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശമാണ് ഉള്ളത് എന്ന് വ്യക്തം. ഒരു ഹ്യൂമൻ റൈറ്റ്‌സ് അഡ്വക്കേറ്റാണ് കേസ് നൽകിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ കേറിയത് മുതൽ എനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തതിനാൽ അത് വർധിച്ചു, വട്ടിയൂർക്കാവിൽ ഞാൻ മത്സരിച്ചേക്കാമെന്ന സാധ്യത വന്നതിനാലാകാം. കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾക്ക് പരാതിയില്ലെന്ന് ശ്രദ്ധിക്കണം.

ഒരു സ്ത്രീയും അമ്മയും പൊലീസ് ഉദ്യോഗസ്ഥയുമായ ഞാൻ പീഡനത്തിന് ഇരയായി കുട്ടിക്ക് ദോഷം വരുമെന്ന് ചിന്തിക്കുക കൂടിയില്ല. സ്ത്രീകൾക്കെതിരെയുള്ള നിരവധി കേസുകൾ തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥ കൂടിയാണ് ഞാൻ. പോക്‌സോ കേസ് നിലനിൽക്കില്ലെന്ന് ഞാൻ ആവർത്തിച്ച് പറയുന്നു. ബാക്കി കാര്യങ്ങൾ പൊലീസിന് അന്വേഷണത്തിൽ വ്യക്തമാകും,' ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കഴിഞ്ഞ ദിവസം ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തത്. ദില്ലി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി. സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസ്.

അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന നിയമത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന പ്രതി, അതിന് വിപരീതമായി തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലത്തുനിന്നുള്ള ബിജെപി കൗൺസിലറായ ശ്രീലേഖ, പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്.

പൊലീസിന്റെ ഭാഗത്തുനിന്ന് നീതിയുക്തമായ അന്വേഷണം നടക്കുമെന്ന വിശ്വാസം തനിക്കില്ലെന്ന് സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ ജയചന്ദ്രൻ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് താൻ പൊലീസിനെ സമീപിച്ചത്. കൂടുതൽ തെളിവുകളുമായി ഒക്ടോബർ ഏഴിന് സ്റ്റേഷനിലെത്തി വീണ്ടും പരാതി നൽകി. പൊലീസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രി പരാതി അന്വേഷണത്തിന് വിട്ടിരുന്നു. എന്നാൽ പൊലീസ് ഈ കേസ് തേയ്ച്ചുമായ്ച്ച് കളയാൻ ശ്രമിക്കുന്നുവെന്ന് മനസിലായതിന് ശേഷം ഒക്ടോബർ 24ന് കോടതിയെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: R Sreelekha responds to POCSO case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us