

ഇടുക്കി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടിയെന്ന വാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഒരു സാധാരണ പൗരന് വേണ്ട സംരക്ഷണം പോലും തന്ത്രിക്ക് കിട്ടിയില്ല എന്നും സതീശൻ വിമർശിച്ചു. സിപിഐഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു. തന്ത്രിയുടെ അറസ്റ്റിനെ സംബന്ധിച്ച് മന്ത്രിമാർ പറയുന്നത് നുണകളാണെന്നും നിയമമന്ത്രി വരെ കോടതിയെ വിമർശിക്കുകയാണ് എന്നും സതീശൻ വിമർശിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തുന്നതിനെയും സതീശൻ വിമർശിച്ചു. ഇത് ഡാറ്റ മോഷണമാണെന്നാണ് സതീശൻ ആരോപിച്ചത്. ജീവനക്കാരുടെ ഡാറ്റകൾ മോഷ്ടിച്ചതിൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഡാറ്റ മോഷണത്തിന് പിന്നിലെന്നും സതീശൻ ആരോപിച്ചു.
എന്തുപറഞ്ഞാലും വർഗീയതയോട് നോ കോംപ്രമൈസ് നയമാണ് തങ്ങൾക്കുള്ളതെന്നും സതീശൻ പറഞ്ഞു. ചിലർ കയ്യിൽ വോട്ടുബാങ്കുണ്ടെന്ന് പറയും. അങ്ങനെ ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്നും വർഗീയത പറയാൻ വരണ്ട എന്ന് തിരിച്ച് പറയുമെന്നും സതീശൻ പറഞ്ഞു.
അതേസമയം, സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിനെ ചൊല്ലി നിയമസഭയില്‍ ഇന്ന് പ്രതിപക്ഷ, ഭരണപക്ഷ വാക്‌പോരുണ്ടായി. ഇന്ന് സഭ കൂടിയപ്പോള്‍ പ്രതിപക്ഷം ശബരിമല വിഷയം വീണ്ടും ഉയര്‍ത്തുകയും തന്ത്രിയെ പിന്തുണച്ച് നിലപാട് സ്വീകരിക്കുകയുമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസാന്നിധ്യത്തില്‍ കെ ബാബുവാണ് ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. ശബരിമല തന്ത്രിയെ അനാവശ്യമായി നാല്‍പത് ദിവസം ജയിലില്‍ അടച്ചതായി ബാബു പറഞ്ഞു. തന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്നാണ് കോടതി പറഞ്ഞതെന്നും കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ ഭരണപക്ഷം വിഷയത്തില്‍ ഇടെപട്ടു. തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്നാണ് ഭരണപക്ഷം ചോദിച്ചത്.
കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോഴും ശബരിമല വിഷയം ഉയര്‍ത്തി പ്രതിപക്ഷം വലിയ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. തന്ത്രിക്ക് ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്ത്രിയെ അനാവശ്യമായി ജയിലില്‍ അടച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും പറഞ്ഞത്. ഇതേ കാര്യങ്ങളായിരുന്നു ഇന്ന് നിയമസഭയിലും പ്രതിപക്ഷം ഉന്നയിച്ചത്. ആചാരലംഘനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ചില്ല എന്നുപറഞ്ഞാണ് തന്ത്രി കണ്ഠരര് രാജീവരെ അനാവശ്യമായി ജയിലില്‍ അടച്ചതെന്ന് കെ ബാബു സഭയിൽ പറഞ്ഞു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണവും കെ ബാബു നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
Content Highlights: Opposition Leader V. D. Satheesan alleged that the government targeted Thanthri Kandararu Rajeevararu in the Sabarimala gold theft case. He questioned why the priest was arrested without even a fragment of evidence and criticized the government for failing to provide him the protection guaranteed to an ordinary citizen.