ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വിദേശസഹായം സ്വീകരിച്ച മോദി കേരളത്തിനുവന്ന സഹായങ്ങൾ തിരസ്‌കരിച്ചു:മുഖ്യമന്ത്രി

'മറ്റുപല സംസ്ഥാനങ്ങൾക്കും സഹായം നൽകിയപ്പോൾ കേരളത്തെ അവഗണിച്ചു. അതിനു കാരണം കേരളം ബിജെപിയെയും ആർഎസ്എസിനെയും സ്വീകരിക്കുന്നില്ല എന്നതാണ്'

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വിദേശസഹായം സ്വീകരിച്ച മോദി കേരളത്തിനുവന്ന സഹായങ്ങൾ തിരസ്‌കരിച്ചു:മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: കേരളം ദുരന്തങ്ങളെ നേരിട്ടപ്പോഴൊന്നും അർഹമായ സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാടിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം സംയുക്തമായി നിർവഹിക്കുമ്പോഴാണ് കേരളം നേരിടുന്ന അവഗണനയെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത്.

കേരളം ആർഎസ്എസിനെയും ബിജെപിയെയും സ്വീകരിക്കാത്തതിലെ പകയാണ് കേന്ദ്രം കാണിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. മറ്റ് സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുന്ന കേന്ദ്ര സർക്കാരാണ് കേരളത്തെ ഈ വിധം അവഗണിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രതിസന്ധിഘട്ടങ്ങളിൽ പല രാജ്യങ്ങളും കേരളത്തെ സഹായിക്കാൻ തയ്യാറായപ്പോൾ അതെല്ലാം കേന്ദ്രം തിരസ്‌കരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് സമാനമായ സഹായങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചതിനെ കുറിച്ചും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

'പ്രധാനമന്ത്രി ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചിരുന്നു. അപ്പോൾ കേരളത്തിന് സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചു. മറ്റുപല സംസ്ഥാനങ്ങൾക്കും സഹായം നൽകിയപ്പോൾ കേരളത്തെ അവഗണിച്ചു. അതിനു കാരണം കേരളം ബിജെപിയെയും ആർഎസ്എസിനെയും സ്വീകരിക്കുന്നില്ല എന്നതാണ്. അതിന്റെ പകയാണ് കേരളത്തോട് കാണിക്കുന്നത്. കേരളത്തിനെ നെഞ്ചേറ്റിയ രാജ്യങ്ങൾ ഉണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ സഹായവുമായി അവർ എത്തി. എന്നാൽ കേന്ദ്രസർക്കാർ അതൊക്കെ തിരസ്‌കരിച്ചു.

ഗുജറാത്തിൽ ഇരു കൈകളും നീട്ടി സഹായം സ്വീകരിച്ച അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് ഇന്നത്തെ പ്രധാനമന്ത്രി എന്ന് ഓർക്കണം. കേരളത്തോട് വല്ലാത്ത ഒരു പകയാണ് കേന്ദ്രസർക്കാരിന്.

എത്രയോ തവണ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് എല്ലാം വാരിക്കോരി പണം നൽകുന്നു. പ്രകൃതിദുരന്തം മുൻകൂട്ടി കണ്ടു പണം നൽകിയ സംഭവങ്ങൾ പോലും ഉണ്ട്. എന്നാൽ കേരളത്തിന് യാതൊരു സഹായവും ഇല്ല,' പിണറായി വിജയൻ പറഞ്ഞു.

Content Highlights: Pinarayi Vijayan slams PM Modi over denying well deserved financial aid to Kerala

dot image
To advertise here,contact us
dot image