

കൊച്ചി: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഉഷ ജോസഫിന്റെ വയറ്റില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുങ്ങിയ കത്രികയുടെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു.
സംഭവത്തില്‍ ഉഷ ജോസഫിന്റെ ഭര്‍തൃസഹോദരി നല്‍കിയ പരാതിയില്‍ അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വയറില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ഭാഗങ്ങള്‍ പൊലീസിന് കൈമാറും.
ഇന്നാണ് ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് കത്രിക പുറത്തെടുത്തത്. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം എറണാകുളം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു.
ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴവില്‍ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. ഷാഹിദയെ പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ ഡോ. ഷാഹിദയെയും ഗ്രേഡ് വണ്‍ നഴ്സായ ധന്യ പി എസിനെയും അന്വേഷണവിധേയമായി ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന്റെ വയറ്റില്‍ നിന്നും മുഴനീക്കാനുള്ള ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു എന്നാണ് ഉഷ റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്. ആശുപത്രികളില്‍ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും അവര്‍ പറയുന്നുണ്ട്. മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ടെസ്റ്റുകള്‍ നടത്തിയത്. ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കണ്ടത് എന്നുമാണ് ഉഷയുടെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് കൊച്ചിയലെ ആശുപത്രിയില്‍ ഉഷയെ പ്രവേശിപ്പിച്ചത്.
Content Highlight; Footage of the scissors that got stuck in Usha Joseph's stomach during a surgery at Vandanam Medical College has been released. The tip of the scissors that got stuck five years ago was broken.