

തിരുവനന്തപുരം: നഗരത്തിലെ മാർക്കറ്റിൽനിന്നും മീൻ വാങ്ങി കഴിച്ച മൂന്ന് പേർക്ക് ആരോഗ്യപ്രശ്‌നം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നഗരത്തിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ പാര മീൻ കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവുമടക്കമുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. ബാക്കി വന്ന മീനിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നം നേരിട്ട മൂന്നുപേരിൽ ഒരാളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ റസ്റ്റോറന്റിൽനിന്നും മീൻ വിഭവങ്ങൾ കഴിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചിരുന്നു. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ റസ്റ്റോറന്റിൽനിന്നും ഭക്ഷണം കഴിച്ച് മടങ്ങിയതിന് പിനനാലെയാണ് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടത്. മീനും മത്സ്യവിഭവങ്ങളും കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നം നേരിട്ടതെന്നും ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്നും കുടുംബം ആരോപിച്ചതിന് പിന്നാലെ ഈ റസ്റ്റോറന്ർറ് താല്കാലികമായി പൊലീസ് അടച്ചുപൂട്ടിയിരുന്നു.
Content Highlights: Three people have health problems after buying and eating fish from a market in Thiruvananthapuram city