

തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. ഷാജി കൈലാസ്, രണ്‍ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. നാണയങ്ങളായി സ്വർണം നൽകിയെന്ന് ഇവർ മൊഴി നൽകി. സ്വർണ്ണത്തിന്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി നൽകാൻ തയ്യാറെന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു.
കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തും. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ട്.
2017-ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനുംവേണ്ടി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ശബരിമലയിലെ കൊടിമരത്തിന്‍റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എക്‌സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. സ്വർണ്ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നൽകുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകൾ നാളെ എസ്ഐടി കോടതിയിൽ ഹാജരാക്കും. സന്നിധാനത്തെ ദ്വാരപാലകപാളികൾ, കട്ടളപ്പാളി ശ്രീകോവിലിൻ്റെ വശങ്ങളിലെ തൂണുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച സാമ്പിളുകൾ ആണ് കോടതിയിൽ ഹാജരാക്കുന്നത്. തുടർന്ന് കോടതിയുടെ അനുമതിയോടെ ജംഷഡ്‌പൂരിലെ ദേശീയ മെറ്റലർജിക്കൽ ലാബിലേക്ക് അയക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നാണ് സൂചന.
Content Highlight : The Vigilance department records statements of people from the film industry collecting details of those who contributed funds for the reconstruction of the flag mast at the Sabarimala templ