

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ പൊതുജനങ്ങളെയും മറ്റ് വാഹനയാത്രികരെയും ഭീതിയിലാഴ്ത്തിയ തീ തുപ്പുന്ന വാഹനം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. വാഹനം രൂപമാറ്റം വരുത്തി പുതിയ നിറം ആക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. എൻഫോഴ്സ്മെൻറ് ആർടിഒ ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്.
പള്ളിക്കൽ സ്വദേശിയായ മുഹമ്മദ് ഇർഫാൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ്റെ രജിസ്ട്രേഷൻ രണ്ട് വർഷത്തേക്ക് റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. 2017 രജിസ്‌ട്രേഷൻ നടത്തിയ വാഹനം ഇയാൾ വാങ്ങുന്നത് 2024 ലാണ്. 11 പിഴ ചുമത്തിയിട്ടുണ്ട്. അതിൽ നാല് എണ്ണം അടച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഞാറാഴ്ച രാവിലെയാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ വാഹന ഉടമ മുഹമ്മദ് ഇർഫാൻ ഒളിവിൽ പോയിരിക്കുകയാണ്. വാഹന ഉടമയായ മുഹമ്മദ് ഇർഫാൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു. പൊതുനിരത്തുകളിൽ വലിയ ശബ്ദമുണ്ടാക്കിയും സൈലൻസറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്.
Content Highlight : Kollam motor vehicle department detects a fire-spewing vehicle; registration to be canceled.