

പത്തനംതിട്ട: ആന്റോ ആന്റണി എംപിക്കെതിരെ സിപിഐഎം അടൂർ ഏരിയ സെക്രട്ടറി എസ് മനോജിന്റെ പരാതി. ജില്ലാ കലക്ടർക്കാണ് മനോജ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ പണത്തിന്റെ കണക്ക് നൽകി, സാമ്പത്തിക ഇടപാടുകൾ മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയെന്നുമാണ് പരാതി. എംപിക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കേരള കോൺഗ്രസ് നേതാവായ എൻ എം രാജു ആന്റോ ആന്റണി എംപിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പക്കൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും പിന്നീട് കാല് പിടിച്ച് ആവശ്യപ്പെട്ടിട്ടും 20 ലക്ഷം രൂപ മാത്രമാണ് തന്നത് എന്നുമായിരുന്നു എൻ എം രാജുവിന്റെ ആരോപണം. ഇതിന് മറുപടിയുമായി ആന്റോ ആന്റണി എംപി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയിൽ നെടുമ്പറമ്പിൽ ഫിനാൻസിൽ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നൽകിയെന്നുമായിരുന്നു ആന്റോ ആന്ണിയുടെ വിശദീകരണം.
സംഭവത്തിൽ ആന്റോ ആന്റണി എംപിക്കെതിരെ വിമർശനവുമായി സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും രംഗത്തുവന്നിരുന്നു. ആന്റോ ആന്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണം. എൻ എം രാജുവിൽ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ? എങ്കിൽ ആ കണക്കിന്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നുമായിരുന്നു ഉദയഭാനു പറഞ്ഞത്.
ഉദയഭാനുവിന്റെ ഈ പരാമർശത്തിനെതിരെ ആന്റോ ആന്റണി നിയമനടപടി സ്വീകരിക്കുകയാണ് ഉണ്ടായത്. തനിക്കെതിരെ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അവ പിൻവലിക്കണമെന്നും ചൂണ്ടിക്കാണിച്ച് ആന്റോ ആന്റണി എം പി വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
Content Highlights: CPM Adoor area secretary S. Manoj has filed a complaint against Congress MP Anto Antony, alleging irregularities in his election affidavit. The complaint claims that Antony provided misleading financial details to the Election Commission and concealed certain transactions while submitting his sworn statement.