'അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, ഒരു കോടി നഷ്ടപരിഹാരം വേണം'; കെ പി ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്

'അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, ഒരു കോടി നഷ്ടപരിഹാരം വേണം'; കെ പി ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി
dot image

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി എംപി. തനിക്കെതിരെ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അവ പിൻവലിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് ആന്റോ ആന്റണി എം പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

ആന്റോ ആന്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം. എൻ എം രാജുവിൽ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ആ കണക്കിന്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും കെ പി ഉദയഭാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉദയഭാനുവിന്റെ ഈ പരാമർശത്തിന് മറുപടിയുമായി ആന്റോ ആന്റണി എംപിയും രംഗത്തുവന്നിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് എംപി കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉദയഭാനു ഒളിവിൽ ഇരുന്ന് എഫ് ബി യിലൂടെ പോസ്റ്റ് ഇടുകയാണ്. അദ്ദേഹം തല ഉയർത്തിപ്പിടിച്ച് മറുപടി പറയണമെന്നും ആന്റോ ആന്റണി പറഞ്ഞിരുന്നു.

കേരള കോൺഗ്രസ് നേതാവായ എൻ എം രാജുവാണ് ആന്റോ ആന്റണി എംപിക്കെത്തിയ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പക്കൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും പിന്നീട് കാല് പിടിച്ച് ആവശ്യപ്പെട്ടിട്ടും 20 ലക്ഷം രൂപ മാത്രമാണ് തന്നത് എന്നുമായിരുന്നു എൻ എം രാജുവിന്റെ ആരോപണം. ഇതിന് മറുപടിയുമായി ആന്റോ ആന്റണി എംപി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയിൽ നെടുമ്പറമ്പിൽ ഫിനാൻസിൽ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നൽകിയെന്നുമായിരുന്നു ആന്റോ ആന്ണിയുടെ വിശദീകരണം.

Content Highlights: Congress MP Anto Antony has sent a legal notice to former CPM Pathanamthitta district secretary K. P. Udayabhanu over financial allegations made against him. The MP stated that the accusations are baseless and demanded that they be withdrawn

dot image
To advertise here,contact us
dot image