

തൃശൂര്‍: അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്ത വിഷയത്തില്‍ എല്ലാ ദിവസവും പ്രതികരിക്കേണ്ട കാര്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്വര്‍ണക്കൊള്ള വിഷയം സജീവമാകണമെന്നും സജീവമാകുമ്പോള്‍ ആര്‍ക്കാണ് ബുദ്ധിമുട്ടുണ്ടാവുക എന്ന് കണ്ടറിയാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വര്‍ണക്കൊള്ള കേസ് എസ്‌ഐടി അന്വേഷിക്കുകയാണ്. അതില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടവുമുണ്ട്. ഭരണകക്ഷിയിലെ പ്രധാനപ്പെട്ട പ്രമുഖന്മാര്‍ ഇനിയും അറസ്റ്റ് ചെയ്യപ്പെടാനുണ്ടെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. തൃശൂരില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.
സ്വര്‍ണക്കൊള്ളയില്‍ കട്ടവരെ പിടിക്കാതിരിക്കരുത് എന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട്. കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെല്ലാം മറുപടി പറയേണ്ടി വരും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളൊന്നും കോണ്‍ഗ്രസിനെ അന്ധാളിപ്പിക്കുന്നില്ല. അത്തരം ചര്‍ച്ചകളല്ല ഇപ്പോള്‍ നടക്കേണ്ടത്. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലെ ജനങ്ങളെ മുടിപ്പിച്ച സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടം നടക്കുകയാണ്. ജനങ്ങളെല്ലാം അതിന് പിന്നിലാണെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകളില്‍ ഒരു യാഥാര്‍ത്ഥ്യവുമില്ല. ഈ തെരഞ്ഞെടുപ്പില്‍ ഇടത് ചിന്താഗതിക്കാരായിരിക്കും ആദ്യം യുഡിഎഫിന് വോട്ട് ചെയ്യുക. ഇന്നലത്തെ പുതുയുഗ യാത്രയില്‍ കെ സുധാകരന്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ കരണങ്ങളുള്ളതിനാലാണ്. കെ സുധാകരന് യാതൊരു പരാതിയുമില്ല. ഘടകകക്ഷികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എസ്‌ഐടി അടൂര്‍ പ്രകാശ് എംപിയെ വിളിപ്പിച്ചത്. പൊലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്.
Content Highlight; AICC General Secretary K C Venugopal said that there is no need to respond every day on the issue of Adoor Prakash being questioned by the SIT. K C Venugopal said that the issue of gold theft should be made active when the elections come and when it is made active, we will see who will face difficulties.