പോറ്റിക്ക് ഇന്ന് നിർണായകം; കട്ടിളപ്പാളി കേസിൽ ജാമ്യം തേടിയുള്ള അപേക്ഷയിൽ വിധി ഇന്ന്

ജാമ്യം ലഭിച്ചാൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങും

പോറ്റിക്ക് ഇന്ന് നിർണായകം; കട്ടിളപ്പാളി കേസിൽ ജാമ്യം തേടിയുള്ള അപേക്ഷയിൽ വിധി ഇന്ന്
dot image

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇന്ന് നിര്‍ണായകം. സ്വാഭാവിക ജാമ്യം തേടിയുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഇക്കഴിഞ്ഞ ജനുവരി 21ന് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു.

ദ്വാരപാലക കേസില്‍ കര്‍ശന ഉപാധികളോടെയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. തൊണ്ണൂറ് ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങും. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ കൂടുതല്‍ കേസുകളെടുക്കാനുള്ള എസ്‌ഐടിയുടെ നീക്കം പാളി. സാമ്പത്തിക തട്ടിപ്പില്‍ കേസുകളെടുക്കാനുള്ള നീക്കം എസ്‌ഐടി ഉപേക്ഷിച്ചു. പരാതിക്കാര്‍ വീണ്ടും വരാന്‍ തയ്യാറാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലുള്ള റിയല്‍ എസ്റ്റേറ്റ്, ചെക്ക് കേസുകള്‍ ഒത്തുതീര്‍പ്പായി. കോടതിയില്‍ തിരിച്ചടിയാകുമെന്നും എസ്‌ഐടി വിലയിരുത്തുന്നു. പുതിയ പരാതിക്കാരെ കണ്ടെത്താനാവാത്തതും തിരിച്ചടിയാണ്. ഇതോടെ പുറത്തിറങ്ങുന്ന പോറ്റിയെ അറസ്റ്റ് ചെയ്യാനാവില്ല.

ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ മൂന്ന് പേരാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവായിരുന്നു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആദ്യ ആള്‍. ദ്വാരപാലക കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന് ജാമ്യം ലഭിക്കുകയായിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകരണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളായിരുന്നു കോടതി മുന്നോട്ടുവെച്ചത്.

മുരാരി ബാബുവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചു. ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായി 43-ാം ദിവസമായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. ശ്രീകുമാറിന് ജാമ്യം അനുവദിക്കുമ്പോഴും കോടതി കര്‍ശന ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്നാമതായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറായിരുന്നു. ആദ്യം ദ്വാരപാലക കേസിലും പിന്നാലെ ഫെബ്രുവരി രണ്ടിന് കട്ടിളപ്പാളി കേസിലും സുധീഷ് കുമാറിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രശംസിച്ചിരുന്നു. എസ്‌ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലായിരുന്നു ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം.

നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞിരുന്നു. എസ്‌ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി പറഞ്ഞിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കം നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

Content Highlights- The court will pronounce its verdict today on the bail plea filed by Unnikrishnan Potti in connection with the Sabarimala gold theft case

dot image
To advertise here,contact us
dot image