

കണ്ണൂർ: 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തന്റെ പുസ്തകം നിശ്ചയിച്ച തീയതിയിൽ തന്നെ പുറത്തിറക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ. പുസ്തക പ്രകാശനം നാലാം തീയതി നടക്കില്ലെന്ന് പ്രചരണം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലാണ് പ്രചരണം നടക്കുന്നത്. വരുന്ന ആൾക്കാരെ തടയാനാണ് ഇത്തരത്തിൽ പ്രചരണമെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ കുഞ്ഞികൃഷ്ണൻ വെല്ലുവിളിക്കുകയും ചെയ്തു. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് രക്തസാക്ഷി ഫണ്ടിൻ്റെ വിശദാംശങ്ങൾ താൻ പുറത്തുവിടുമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. കഴിയുമെങ്കിൽ അതിന് മുൻപായിത്തന്നെ പാർട്ടി കണക്കുകൾ വിശദീകരിക്കണം. താൻ ഉള്ളപ്പോൾ ഒരു കണക്കും പാർട്ടിയിൽ അവതരിപ്പിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ ഇടപെടലിനെത്തുടർന്ന് ചില കണക്കുകൾ ഏരിയാ കമ്മിറ്റിയിൽ അവതരിപ്പിച്ചിച്ചെന്ന് പിന്നീട് അറിഞ്ഞു. തൻ്റെ കണക്കിൽ മിച്ചം വരുന്ന തുക അധികചെലവായി കണക്കാക്കാനാകും പാർട്ടിയുടെ നീക്കം. സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്നാകും വിശദാംശങ്ങൾ പുറത്തുവിടുമെന്ന് ജില്ലാ നേതൃത്വം നിലപാടെടുത്തത് എന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാൻ സിപിഐഎം തീരുമാനിച്ചിരുന്നു. അണികൾക്കിടയിൽ സംശയങ്ങൾ ഉടലെടുത്ത സാഹചര്യത്തിലായിരുന്നു പാർട്ടിയുടെ നീക്കം. ഫെബ്രുവരി ആറിന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനം നടത്തി കണക്കുകൾ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം. പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ നിന്നും തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും പണം തട്ടിയെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തത്. കണക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ മനസിലാക്കാൻ സാധിച്ചത്. അത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. യഥാർത്ഥ വരവ് കണക്കിൽ പൂർണമായും ഉൾപ്പെടുത്തിയിട്ടില്ല. രണ്ട് വീട് നിർമാണത്തിന് ചെലവായ സംഖ്യയല്ല, അതിനേക്കാളുപരി ചെലവഴിച്ചുവെന്ന് കണക്ക് അവതരിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.
വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് വി കുഞ്ഞികൃഷ്ണൻ ഇപ്പോഴുളളതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ടി ഐ മധുസൂദനൻ എംഎൽഎയെ കുഞ്ഞികൃഷ്ണൻ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎൽഎയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാൽ വിഷയം പാർട്ടിക്കുള്ളിൽ വലിയ കോളിളക്കമാണ് തീർത്തത്. കുഞ്ഞികൃഷ്ണനെ വിമർശിച്ച് ഒരു വിഭാഗം രംഗത്തുവന്നപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുവന്നിരുന്നു.
Content Highlights: V. Kunjikrishnan has issued a challenge to CPI(M), emphasizing that the book launch will proceed as planned, but also urging the party to release its calculations beforehand.