'പോറ്റിയുമായി ബന്ധമില്ല, ഒരു തെളിവും ഹാജരാക്കാനായില്ല'; SITക്ക് തിരിച്ചടിയായി ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ്

എസ്ഐടിക്ക് വലിയ തിരിച്ചടി നൽകുന്നതാണ് ജാമ്യ ഉത്തരവ്

'പോറ്റിയുമായി ബന്ധമില്ല, ഒരു തെളിവും ഹാജരാക്കാനായില്ല'; SITക്ക് തിരിച്ചടിയായി ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ്
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന്. ശ്രീകുമാറിനെതിരെ എസ്ഐടിക്ക് ഒരു തെളിവും ഹാജരാക്കാനായില്ലെന്നും ശ്രീകുമാർ ഒപ്പുവെച്ചത് സാക്ഷിയായി മാത്രമാണെന്നുമാണ് ജാമ്യ ഉത്തരവിൽ പറയുന്നത്. പാളികൾ ഇളക്കിയെടുക്കുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ശ്രീകുമാറിന്റെ നിയമനമെന്നും കോടതി ചൂണ്ടിക്കാട്ടി. എസ്ഐടിക്ക് വലിയ തിരിച്ചടി നൽകുന്നതാണ് കോടതിയുടെ ഉത്തരവ്.

കൊല്ലം വിജിലൻസ് കോടതിയായിരുന്നു ശ്രീകുമാറിന് ജാമ്യം അനുവദിച്ചത്. ശ്രീകുമാറിന് സ്വർണക്കൊള്ളയെക്കുറിച്ച് കാര്യമായ ധാരണയില്ലായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജാമ്യ ഉത്തരവ്. പ്രഥമദൃഷ്ട്യാ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്ഐടിക്ക് ഹാജരാക്കാനായില്ല എന്ന് ഉത്തരവിൽ പറയുന്നു. ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോകാൻ എല്ലാം തയ്യാറാക്കിയതിന് ശേഷമായിരുന്നു ശ്രീകുമാറിന്റെ നിയമനം. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശപ്രകാരമാണ് ശ്രീകുമാർ മഹസറിൽ ഒപ്പുവെച്ചത്. അതും സാക്ഷിയായി മാത്രമാണ് ഒപ്പുവെച്ചത്. പാളികൾ ഇളക്കിയെടുക്കുന്നതിന് രണ്ട് ദിവസം മുൻപായിരുന്നു ശ്രീകുമാറിന്റെ നിയമനമെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് യാതൊരു ബന്ധവുമില്ല എന്നും ഉത്തരവിലുണ്ട്. കുറ്റകൃത്യത്തിനോ ഗൂഢാലോചനയ്ക്കോ ശ്രീകുമാറിനെതിരെ തെളിവില്ല. മഹസർ തയ്യാറാക്കിയതിൽ ശ്രീകുമാറിന് പങ്കുണ്ടെന്നും എസ്ഐടിക്ക് തെളിയിക്കാനായില്ല. ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിലും ശ്രീകുമാറിന് പങ്കില്ല എന്നും കോടതി ഉത്തരവിൽ പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിതാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

അതേസമയം, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വർണം വലിയ അളവിൽ നഷ്ടപ്പെട്ടെന്ന നിർണായക മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞരുടേതായിരുന്നു മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി 2019 ൽ സ്വർണം പൂശാനായി കൊണ്ടുപോയ കട്ടിളപ്പാളികളിൽ നിന്ന് ഗണ്യമായ അളവിൽ സ്വർണം നഷ്ടപ്പെട്ടെന്ന എസ്ഐടി കണ്ടെത്തൽ സ്ഥിരീകരിച്ചാണ് വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി.

എത്രത്തോളം സ്വർണം നഷ്ടപ്പെട്ടെന്നതിൽ വ്യക്തത വരുത്താനുള്ള കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ മൊഴി നൽകിയിരുന്നു. എന്നാൽ കട്ടിളയിലെ പാളികൾ നഷ്ടപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയില്ലെന്നും മൊഴിയിലുണ്ട്. സാമ്പിൾ ശേഖരിച്ച പാളികൾ നഷ്ടപ്പെട്ടിട്ടില്ല. പോറ്റി സ്വർണം പൂശിയ ശേഷം തിരികെ കൊണ്ടുവെച്ച ഈ പാളികൾ ഒറിജിനൽ തന്നെയാവാം. ഇത് സ്ഥിരീകരിക്കാൻ വിശദ പരിശോധനയിൽ മാത്രമേ സാധിക്കൂവെന്നും മൊഴിയിലുണ്ട്. പാളികളുടെ രാസഘടനയിലുണ്ടായ വ്യത്യാസത്തിലും ശാസ്ത്രജ്ഞർ വിശദീകരണം നൽകി. സ്വർണം പൂശാനായി രാസലായനി കൂടി ഉപയോഗിച്ചപ്പോഴുണ്ടായ മാറ്റമാണിതെന്നും മൊഴിയിലുണ്ട്. ഇക്കാര്യം എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.

Content Highlights: Sreekumar was granted bail after the SIT failed to present any evidence linking him to the sabarimala gold theft case. The court noted that there was no proof to connect him with the case, leading to a favorable ruling for Sreekumar

dot image
To advertise here,contact us
dot image