രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ:നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമെന്ന് ഹൈക്കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഒരു കേസിലും ഇതുവരെ അന്വേഷണം പൂര്‍ത്തിയായില്ലല്ലോയെന്നും ഹൈക്കോടതി

രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ:നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമെന്ന് ഹൈക്കോടതി
dot image

കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിൽ എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. രാഹുലിനെതിരെ രൂക്ഷമായ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണ വിധേയനായ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്. എംഎല്‍എയും സ്വാധീനശക്തിയുള്ള ആളുമാണ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍.
പരാതിക്കാര്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ടു. ഇതാണ് സാഹചര്യമെങ്കില്‍ ആര് പരാതി നല്‍കാന്‍ മുന്നോട്ട് വരും', പ്രോസിക്യൂഷന്‍ പറഞ്ഞു. അതിജീവിതര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം. എന്തിന് പാലക്കാട് പോയി എന്നതിന് പരാതിക്കാരിക്ക് വിശദീകരണമുണ്ട്. മാര്‍ച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെയെന്നും ഹൈക്കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ നിര്‍ബന്ധിച്ചെന്നും കോടതി നിരീക്ഷിച്ചു. കുട്ടി വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇതിന് വാട്സ് ആപ് ചാറ്റ് തെളിവായി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ ഒളിവിലായിരുന്നുവെന്ന് ഹൈക്കോടതി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

അതേസമയം മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഉന്നയിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും.

Content Highlights: The Kerala High Court has made key observations regarding the first rape case filed against Rahul Mankootathil MLA

dot image
To advertise here,contact us
dot image