സമുദായ സംഘടനകളുടെ ആഭ്യന്തര തീരുമാനത്തിൽ കോൺഗ്രസ് ഇടപെടേണ്ട കാര്യമില്ല: പ്രതികരണവുമായി വി ഡി സതീശൻ

'അവരുടെ തീരുമാനങ്ങള്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. എന്ത് തീരുമാനമെടുത്താലും കോണ്‍ഗ്രസിനെ അത് ബാധിക്കില്ല'

സമുദായ സംഘടനകളുടെ ആഭ്യന്തര തീരുമാനത്തിൽ കോൺഗ്രസ് ഇടപെടേണ്ട കാര്യമില്ല: പ്രതികരണവുമായി വി ഡി സതീശൻ
dot image

തിരുവനന്തപുരം: എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന എന്‍എസ്എസിന്റെ നിലപാടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാവരും ഒന്നിക്കുന്നത് നല്ലതാണെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യത്തില്‍ നിന്നുള്ള പിന്മാറ്റം അവരുടെ ആഭ്യന്തര കാര്യമാണ്. സമുദായ സംഘടനങ്ങളുടെ സംഘടനാപരമായ തീരുമാനത്തില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ മാത്രമാണ്. കോണ്‍ഗ്രസോ യുഡിഎഫോ സമുദായ സംഘടനകളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാറില്ലെന്നും തങ്ങളുടെ പ്രശ്‌നത്തില്‍ ആരെയും ഇടപെടാന്‍ സമ്മതിക്കാറില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അവര്‍ യോജിച്ചാലും നല്ലത് യോജിച്ചില്ലെങ്കിലും നല്ലത്. അവരുടെ തീരുമാനങ്ങള്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. അവര്‍ എന്ത് തീരുമാനമെടുത്താലും കോണ്‍ഗ്രസിനെ ബാധിക്കില്ല. എസ്എന്‍ഡിപി എത്രയോ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രസ്ഥാനമാണ്. തനിക്ക് കിട്ടിയ പത്മഭൂഷന്‍ എസ്എന്‍ഡിപിക്ക് ലഭിച്ചതാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായതില്‍ സന്തോഷമുണ്ട്. പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാ മലയാളികളെയും അഭിനന്ദിക്കുന്നു. ഇത്രയും വലിയ പുരസ്‌കാരം കിട്ടിയ ആളെ അത് രാഷ്ട്രീയം കൊണ്ട് ലഭിച്ചതാണെന്ന് പറഞ്ഞ് അപമാനിക്കേണ്ട കാര്യമുണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്‍ണായക തീരുമാനമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല്‍ പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ആവില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളി നടേശനായിരുന്നു വാര്‍ത്താസമ്മേളനത്തിലൂടെ എന്‍എസ്എസുമായുള്ള ഐക്യം പ്രഖ്യാപിച്ചത്. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ് ആണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിന്നാലെ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം ജി സുകുമാരന്‍ നായര്‍ അംഗീകരിച്ചു. ഐക്യമെന്ന ആശയത്തോട് വ്യക്തിപരമായി യോജിക്കുകയാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്.

Content Highlight; VD Satheesan responds to NSS's stance on no unity with SNDP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us