എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളാന്‍ കാരണം തുഷാറിനെ അയയ്ക്കാനുള്ള തീരുമാനം: കെ മുരളീധരന്‍

സുകുമാരന്‍ നായര്‍ എല്ലാക്കാലത്തും ആന്റി ബിജെപി സ്റ്റാന്‍ഡ് എടുത്തിട്ടുള്ളയാളാണെന്നും കെ മുരളീധരന്‍

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളാന്‍ കാരണം തുഷാറിനെ അയയ്ക്കാനുള്ള തീരുമാനം: കെ മുരളീധരന്‍
dot image

തിരുവനന്തപുരം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളാനുള്ള മുഖ്യകാരണം ചര്‍ച്ചയ്ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ അയയ്ക്കാനുള്ള തീരുമാനമാകാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ വൈസ് പ്രസിഡന്റ് മാത്രമല്ല, ബിജെപിയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്റെ ചെയര്‍മാന്‍ കൂടിയാണ്. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാണ്. തുഷാര്‍ വെള്ളാപ്പള്ളി അവിടെ ചെല്ലുമ്പോള്‍ പ്രോ ബിജെപി ലൈനിലേക്ക് പോകുമോ എന്ന സംശയം എന്‍എസ്എസിന് ഉണ്ടായിക്കാണും. സുകുമാരന്‍ നായര്‍ എല്ലാക്കാലത്തും ആന്റി ബിജെപി സ്റ്റാന്‍ഡ് എടുത്തിട്ടുള്ളയാളാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

മുന്നോക്ക സമുദായത്തിന്റെ സംഘടനയായിട്ട് പോലും ബിജെപിയുമായി ഒരു സഹകരണവും ഒരു കാലത്തും സുകുമാരന്‍ നായര്‍ നടത്തിയിട്ടില്ല. മന്നം ജയന്തിക്ക് പോലും ബിജെപി നേതാക്കളെ പങ്കെടുപ്പിക്കാറില്ല. ബിജെപി ലൈനിലേക്ക് പോകുന്നു എന്ന തോന്നലിലാകാം എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് പിന്മാറിയതെന്നും കെ മുരളീധരന്‍ പറഞ്ഞു. സാമുദായിക സംഘടനകളുടെ യോജിപ്പിലും വിയോജിപ്പിലും ഇടപെടാറില്ലെന്നും സാമുദായിക ഐക്യം നല്ലതാണ് എന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. അങ്ങനെ ഒരു ഐക്യം ഉണ്ടാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് എതിരാകരുത്. എന്‍എസ്എസ് എല്ലാകാലത്തും ശരി ദൂരത്തില്‍ സമദൂരം കണ്ടെത്തുന്നവരാണ്. അത് യുഡിഎഫിന് ചിലപ്പോള്‍ എങ്കിലും സഹായം ആയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

പത്മ പുരസ്‌കാര വിവാദത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. മൂന്ന് അവാര്‍ഡുകളാണ് തങ്ങള്‍ സ്വാഗതം ചെയ്തതെന്ന് വി മുരളീധരന്‍ പറഞ്ഞു. ഒന്ന് വി എസിന് ലഭിച്ച പത്മവിഭൂഷണ്‍. രണ്ട് മമ്മൂട്ടിക്ക് ലഭിച്ച പത്മഭൂഷണ്‍. മൂന്ന് വിമല മേനോന്റെ പത്മശ്രീ. ബാക്കി പലതിലും താമരയുടെ ലക്ഷണം കാണുന്നുണ്ടെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്‍ണായക തീരുമാനമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല്‍ പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ആവില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളി നടേശനായിരുന്നു വാര്‍ത്താസമ്മേളനത്തിലൂടെ എന്‍എസ്എസുമായുള്ള ഐക്യം പ്രഖ്യാപിച്ചത്. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ് ആണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിന്നാലെ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം ജി സുകുമാരന്‍ നായര്‍ അംഗീകരിച്ചു. ഐക്യമെന്ന ആശയത്തോട് വ്യക്തിപരമായി യോജിക്കുകയാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്.

Content Highlights- K Muraleedharan stated that Sukumaran Nair has always maintained an anti BJP position, reiterating his long standing political stance

dot image
To advertise here,contact us
dot image