

പാലക്കാട്: ചാരായ കേസ് പ്രതിയായിരുന്നയാളെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പാലക്കാട് നെന്മാറ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായാണ് വാറ്റ് കേസ് പ്രതിയായിരുന്ന ഉണ്ണിലാലിനെ തെരഞ്ഞെടുത്തത്.
2021 ജൂണിലായിരുന്നു നെന്മാറയില്‍ ഫാം ഹൗസില്‍നിന്ന് ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ നടത്തിപ്പുകാരനായിരുന്ന ഉണ്ണിലാലിനെതിരെ എക്‌സൈസ് കേസെടുത്തത്.
പശു വളര്‍ത്തലിന്റെ മറവില്‍ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് നെന്മാറ എക്‌സൈസ് സംഘം രാത്രിയില്‍ പരിശോധനയ്‌ക്കെത്തിയത്.
ഉദ്യോഗസ്ഥരെത്തും മുമ്പേ ഉണ്ണിലാല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു ലിറ്റര്‍ ചാരായവും പത്ത് ലിറ്ററിലധികം വാഷും അടുപ്പും ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടെയായിരുന്നു കണ്ടെടുത്തത്.
സംഭവത്തിന് പിന്നാലെ അന്ന് ഡിവൈഎഫ്‌ഐ നെന്മാറ മേഖല സെക്രട്ടറിയായിരുന്ന ഉണ്ണിലാലിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ദീര്‍ഘകാലം ഒളിവില്‍ പോയ ഉണ്ണിലാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.
Content Highlights: spirit case accused elected as DYFI Regional secretary in Palakkad Nenmara