

തിരുവനന്തപുരം: കര്‍ണാടകയിലെ യെലഹങ്കയില്‍ ഭരണകൂടം നടത്തിയ കുടിയൊഴിപ്പിക്കല്‍ നടപടിക്കിരയായവര്‍ ഇപ്പോഴും നീതിക്കായുള്ള കാത്തിരിപ്പിലാണെന്ന് എ എ റഹീം എംപി. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് മതിയായ സഹായങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് റഹീം ചൂണ്ടിക്കാട്ടുന്നു. നിശബ്ദരായ ആ മനുഷ്യര്‍ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തിയേ തീരൂ എന്ന് റഹീം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
'റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയുടെ കൈകളാല്‍ ത്രിവര്‍ണ്ണ പതാക വാനോളമുയരുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ അഭിമാനത്തിന്റെ തിരയിളക്കമുണ്ടാകും. എന്നാല്‍ ആഘോഷങ്ങളുടെ പകിട്ടിനിടയില്‍ മറന്നുപോകുന്ന ചില മനുഷ്യരുണ്ട്. രാജ്യതലസ്ഥാനത്തുനിന്ന് ഏതാണ്ട് 2100 കിലോമീറ്റര്‍ അകലെ ബെംഗളൂരുവില്‍ ഹൃദയഭേദകമായ മറ്റൊരു കാഴ്ചയുണ്ട്. അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തിയ മണ്‍കൂനകള്‍ക്ക് മുകളില്‍, നഷ്ടപ്പെട്ട ജീവിതത്തിന്റെ കഷ്ണങ്ങള്‍ പെറുക്കിക്കൂട്ടി കാത്തിരിക്കുന്ന നിസഹായരായിപ്പോയ ഒരു കൂട്ടം മനുഷ്യര്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍. അവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഏക സമ്പാദ്യം അവരുടെ തലചായ്ക്കാനുള്ള ആ ഇടമായിരുന്നു', റഹീം കുറിപ്പില്‍ പറയുന്നു.
നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തിലും ഭരണകൂടത്തിന്റെ കനിവിനായി കാത്തിരിക്കുന്ന ആ പാവങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന 'സംഗമ' എന്ന സന്നദ്ധ സംഘടനയുടെ പോരാട്ടങ്ങള്‍ക്കൊപ്പം താനും ചേരുകയാണ്. അടച്ചുപിടിച്ച ഭരണകൂടത്തിന്റെ കാതുകള്‍ തുറക്കാന്‍ പ്രതികരിച്ചേ മതിയാകൂ എന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തില്‍ നീതിക്കായി കാത്തിരിക്കുകയാണ് ആ പാവങ്ങള്‍. നമ്മള്‍ ഇന്ന് അവര്‍ക്കായി സംസാരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
ഇന്ന് ജനുവരി 26. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യ അതിന്റെ 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നമ്മുടെ രാജ്യം അതിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും ലോകത്തിന് മുന്നില്‍ അഭിമാനപൂര്‍വ്വം പ്രദര്‍ശിപ്പിക്കുന്ന ദിവസം. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ കൈകളാല്‍ ത്രിവര്‍ണ്ണ പതാക വാനോളമുയരുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ അഭിമാനത്തിന്റെ തിരയിളക്കമുണ്ടാകും.
എന്നാല്‍ ആഘോഷങ്ങളുടെ പകിട്ടിനിടയില്‍ മറന്നുപോകുന്ന ചില മനുഷ്യരുണ്ട്. രാജ്യതലസ്ഥാനത്തുനിന്ന് ഏതാണ്ട് 2100 കിലോമീറ്റര്‍ അകലെ ബംഗളുരുവില്‍ ഹൃദയഭേദകമായ മറ്റൊരു കാഴ്ചയുണ്ട്. അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തിയ മണ്‍കൂനകള്‍ക്ക് മുകളില്‍, നഷ്ടപ്പെട്ട ജീവിതത്തിന്റെ കഷണങ്ങള്‍ പെറുക്കിക്കൂട്ടി കാത്തിരിക്കുന്ന നിസ്സഹായരായിപ്പോയ ഒരു കൂട്ടം മനുഷ്യര്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍. അവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഏക സമ്പാദ്യം അവരുടെ തലചായ്ക്കാനുള്ള ആ ഇടമായിരുന്നു.
നീതിയുടെ സൂര്യനുദിക്കേണ്ട റിപ്പബ്ലിക് ദിനത്തിലും ഭരണകൂടത്തിന്റെ കനിവിനായി കാത്തിരിക്കുകയാണ് ആ പാവങ്ങള്‍. അവര്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന 'സംഗമ' എന്ന സന്നദ്ധ സംഘടനയുടെ പോരാട്ടങ്ങള്‍ക്കൊപ്പം ഞാനും ചേരുകയാണ്. അടച്ചുപിടിച്ച ഭരണകൂടത്തിന്റെ കാതുകള്‍ തുറക്കാന്‍, ഈ നിശബ്ദരായ മനുഷ്യര്‍ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തിയേ തീരൂ.
ഈ മനുഷ്യര്‍ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഹാഷ്ടാഗ് ക്യാമ്പയിന്റെ ഭാഗമാവുകയാണ് ഞാനും. നിങ്ങളും ഈ പോരാട്ടത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു.
kogilukogu
ഈ ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈലുകളിലും ഈ വിഷയം പങ്കുവെക്കൂ. നിസ്സഹായരായ മനുഷ്യര്‍ക്ക് നീതി ലഭിക്കും വരെ നമുക്ക് പോരാട്ടം തുടരാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍.
Content Highlights- A A Rahim MP says that the people of yelahanka are still waiting for justice despite the administration’s action