

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ദേവപ്രശ്‌നം മറയാക്കിയെന്ന നിഗമനത്തില്‍ എസ്‌ഐടി. 2018-ലെ ദേവപ്രശ്‌നം ഇതിനായി മറയാക്കിയെന്നാണ് നിഗമനം. പത്തോളം ദൈവജ്ഞരുടെ മൊഴിയെടുക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ആറാട്ടുത്സവത്തിന് ആനയിടഞ്ഞതിന് ശേഷമാണ് ദേവപ്രശ്‌നം നടത്തിയത്.
ദേവപ്രശ്‌നം സ്വാഭാവികമായുണ്ടായെങ്കിലും പിന്നീട് മറയാക്കിയെന്നാണ് വിവരം. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യവും ഉയര്‍ന്നെന്നാണ് കണ്ടെത്തല്‍. ഇതാരുടെ ആവശ്യമായിരുന്നു എന്നതില്‍ കൂടുതല്‍ പരിശോധന നടത്തും. അന്നുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും.
അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ടാണ് ഇ ഡി കത്തയച്ചത്. വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെടുമെന്നും ഇ ഡി അറിയിച്ചു. എന്നാൽ ഇഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്ഐടി ഇഡിക്ക് നൽകേണ്ടത്. എസ്പി എസ് ശശിധരൻ നേരിട്ടാണ് നിർണായക മൊഴി വിവരങ്ങൾ സൂക്ഷിക്കുന്നത് .
എന്നാൽ സ്വര്‍ണക്കൊള്ളയിൽ ഇതുവരെ കുറ്റപത്രം നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സഹചര്യമാണ് നിലവിലുള്ളത്. നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ കഴിയാത്തതാണ് കുറ്റപത്രം സമർപ്പിക്കാൻ പ്രതിസന്ധിയായത്. ഫെബ്രുവരി ഒന്നിന് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ പ്രധാന പ്രതികൾക്ക് അടക്കം ജാമ്യം ലഭിക്കുന്ന സഹചര്യം ഉണ്ടാകും.
Content Highlights: sabarimala gold theft devaprasnam used as cover sit conclusion