

മലയാളികള്‍ക്ക് ഇടയില്‍ ഏറെ പ്രചാരം നേടിയ യാത്ര പരിപാടിയാണ് സഞ്ചാരം. സന്തോഷ് ജോര്‍ജ് കുളങ്ങര നടത്തുന്ന ഈ പരിപാടി ലോകരാജ്യങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ടെലിവിഷന്‍ പ്രോഗ്രാമായിരുന്നു. കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ക്കും മലയാളികള്‍ക്ക് മൊത്തത്തിലും യാത്ര ചെയ്യാന്‍ പ്രചോദനമായ സഞ്ചാരത്തിന്റെ ആരംഭത്തിന് ഒരു മമ്മൂട്ടി കണക്ഷന്‍ ഉണ്ടെന്ന് പറയുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയ ചത്താ പച്ചാ സിനിമയുടെ സക്‌സസ് മീറ്റില്‍ വെച്ചാണ് സന്തോഷ് ജോര്‍ജ് കുളങ്ങര ഇക്കാര്യം പറഞ്ഞത്.
ചത്താ പച്ചയുടെ നിര്‍മാതാവായ ഷിഹാന്‍ ഷൗക്കത്തിന്റെയും നടനായ ഇഷാന്‍ ഷൗക്കത്തിന്റെയും പിതാവായ ഷൗക്കത്തിനെ കുറിച്ചും അദ്ദേഹവുമായുള്ള ദീര്‍ഘനാളത്തെ സൗഹൃദത്തെ കുറിച്ചും സന്തോഷ് ജോര്‍ജ് കുളങ്ങര വേദിയില്‍ വെച്ച് സംസാരിച്ചു. മമ്മൂട്ടിയുടെയും സുഹൃത്താണ് ഷൗക്കത്ത്.
'സഞ്ചാരം ആരംഭിക്കുന്നതിന് പ്രകടമല്ലാത്ത കാരണക്കാരനായ ഒരു വലിയ മനുഷ്യന്‍ എന്റെ മുന്‍പിലുണ്ട്. അത് മമ്മൂക്കയാണ്. അദ്ദേഹത്തിന് പോലും അറിയാത്ത രഹസ്യമാണ്. മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്ന ക്യാമറയെ കുറിച്ച് ഷൗക്കത്ത് നേരത്തെ വേദിയില്‍ പറഞ്ഞല്ലോ, ആ ക്യാമറ വഴി തെറ്റി എന്റെ കയ്യില്‍ വന്നു. അതുവെച്ചാണ് ഞാന്‍ എന്റെ 'സഞ്ചാരം' ആരംഭിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഞ്ചാരത്തിന്റെ തുടക്കനാളുകളിലാണ്. ലെന്‍സ്മാനിലാണ് അന്ന് എഡിറ്റ് നടക്കുന്നത്. സീരിയലുകളുടെ എഡിറ്റിനിടയില്‍ സമയം കിട്ടുമ്പോഴാണ് സഞ്ചാരം പോലെ ദുര്‍ബലമായ പരിപാടിയ്ക്ക് അവസരം കിട്ടുക. ഒരു ദിവസം ഞാന്‍ പതിവുപോലെ ആ സമയത്തിനായി സ്റ്റുഡിയോക്ക് പുറത്ത് വരാന്തയില്‍ കാത്തിരിക്കുകയാണ്. അപ്പോള്‍ ഷൗക്കു വന്നിട്ട് അന്ന് ലഭ്യമായ ഏറ്റവും ലേറ്റസ്റ്റ് മോഡല്‍ ക്യാമറയെ കുറിച്ച് പറഞ്ഞു. ആ ക്യാമറയുടെ ഗുണങ്ങളും അത് ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നത് എങ്ങനെയാകും എന്നെല്ലാം വിശദമായി വര്‍ണിച്ചു. അങ്ങനെയൊരു ക്യാമറ സ്വന്തമാക്കാനുള്ള അവസരം വന്നിട്ടുണ്ട് എന്നും പറഞ്ഞു.
എല്ലാം പറഞ്ഞു കഴിഞ്ഞതിന് ശേഷം അവസാനമാണ് ആ ക്യാമറ ഇപ്പോള്‍ തന്റെ കയ്യില്‍ ഇല്ലെന്നും അത് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പിടിച്ചു വെച്ചിരിക്കുകയാണ് എന്നും പറയുന്നത്. കേരളത്തില്‍ ആദ്യമായി എത്തിയ ഡിവി ക്യാമറ ആയിരുന്നു അത്. അത് മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്നത് ആയിരുന്നു. കേരളത്തില്‍ ആര്‍ക്കും ഇങ്ങനെയൊരു ക്യാമറ ഇറങ്ങിയ കാര്യം പോലും അറിയില്ലായിരുന്നു, പക്ഷെ മമ്മൂക്ക അറിഞ്ഞു. ഈ ക്യാമറ കൊണ്ടുവരാന്‍ ഷൗക്കത്തിനോട് പറഞ്ഞു. ആ ആവശ്യപ്രകാരം കൊണ്ടുവരുന്ന വഴിയാണ് ക്യാമറ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.

എയര്‍പോര്‍ട്ടില്‍ ക്യാമറ ഇറക്കണമെങ്കില്‍ ഇത്ര പൈസ വേണം, അത് എടുക്കാനുണ്ടെങ്കില്‍ നമുക്ക് ക്യാമറ ഇപ്പോള്‍ കൊണ്ടുവരാം. ഞാനും ഷൗക്കുവും കൂടി തിരുവനന്തപുരത്ത് പോയി ഒരു ദിവസം അധ്വാനിച്ച് ക്യാമറ പുറത്തിറക്കി. പിന്നീട് ആ ക്യാമറ മമ്മൂക്കയിലേക്ക് പോയില്ല, അത് എന്റേതായി മാറി. ആ ക്യാമറ കയ്യില്‍ കിട്ടിയ ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ നേപ്പാളിലേക്ക് പോയി. അക്കാലത്ത് വലിയ ക്യാമറ യൂണിറ്റിനൊപ്പം ആറേഴ് പേരെയും കൂട്ടി സഞ്ചാരം പോലൊരു പരിപാടി ഷൂട്ട് ചെയ്യാനായി പോകാനാകില്ല. ഡിവി ക്യാമറ പക്ഷെ വളരെ കോംപാക്ട് ആണ്. എനിക്ക് തനിയെ എല്ലാ കാര്യങ്ങളും ചെയ്യാനാകും. അങ്ങനെയാണ് സഞ്ചാരം യാഥാര്‍ത്ഥ്യമാകുന്നത്.
ഇന്ന് കാണുന്ന നിലയില്‍ ഞാന്‍ എത്തിയതിന് രണ്ട് പേരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. ഒന്ന് ഈ രംഗത്തേക്ക് പിച്ചവെച്ച് നടന്ന കാലത്ത് എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്ത ഷൗക്കത്തിനോടാണ്. രണ്ട് അദൃശ്യമായി സഞ്ചാരത്തിന് കളമൊരുക്കിയ മമ്മൂക്കയോടാണ്. അന്ന് തുടങ്ങിയ സഞ്ചാരമാണ് പിന്നീട് സഫാരിയായി മാറിയത്.
മമ്മൂക്കയ്ക്ക് ഒപ്പമുള്ള ഒരു ഓര്‍മ കൂടെ ഞാന്‍ പങ്കുവെക്കാം. ഇപ്പോള്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ആദ്യമായി കാണുകയാണല്ലേ എന്ന് മമ്മൂക്ക ചോദിച്ചു, അങ്ങനെയല്ല. ചെറുപ്പത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 'ചമയങ്ങളില്ലാതെ' എന്ന മമ്മൂക്കയുടെ ആത്മകഥ പ്രസിദ്ധീകരിച്ചത് എന്റെ പിതാവായിരുന്നു. അന്ന് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം ഫോട്ടോ എടുക്കാനായി എന്റെ പിതാവിനൊപ്പം വന്നിരുന്നു. ' സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

അതേസമയം, ചത്താ പച്ച തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. WWE യുടെ പശ്ചാത്തലത്തില്‍ മട്ടാഞ്ചേരിയില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം അദ്വൈത് നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. മറ്റ് നിരവധി പുതുമുഖ താരങ്ങളെയും ബാലതാരങ്ങളെയും സിനിമ പരിചയപ്പെടുത്തിയിട്ടുണ്ട്. ശങ്കര്‍-എഹ്‌സാന്‍-ലോയ് മലയാളത്തില്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ചത്താ പച്ച.
Content Highlights: Santhosh George Kulangara reveals unknown connection between Mammootty and Sancharam program at Chatha Pacha movie success pressmeet. The camera which brought for Mammootty somehow ended up with him and that started Sancharam