

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കവുമായി എസ്‌ഐടി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് എസ്‌ഐടി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നലെ ചോദ്യം ചെയ്തത്. കട്ടിളപ്പാളിയില്‍ കൂടുതല്‍ തെളിവിനാണ് എസ്‌ഐടിയുടെ ശ്രമം.
വാതിലില്‍ നിന്ന് സ്വര്‍ണം കവര്‍ന്നോയെന്നതിലും എസ്‌ഐടി വ്യക്തത തേടി. എന്നാല്‍ വാതിലില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചിട്ടില്ലെന്നാണ് പോറ്റി മൊഴി നല്‍കിയത്. കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. എസ്‌ഐടി പോറ്റിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. കട്ടിളപ്പാളി കേസില്‍ പോറ്റി അറസ്റ്റിലായിട്ട് 90 ദിവസമാകാനിരിക്കെയാണ് എസ്‌ഐടിയുടെ പുതിയ നീക്കം. ഫെബ്രുവരി ഒന്നിന് കട്ടിളപ്പാളി കേസില്‍ 90 ദിവസമാവും.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ദേവപ്രശ്നം മറയാക്കിയെന്ന നിഗമനത്തിലാണ് എസ്ഐടി. 2018-ലെ ദേവപ്രശ്നം ഇതിനായി മറയാക്കിയെന്നാണ് നിഗമനം. പത്തോളം ദൈവജ്ഞരുടെ മൊഴിയെടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ആറാട്ടുത്സവത്തിന് ആനയിടഞ്ഞതിന് ശേഷമാണ് ദേവപ്രശ്നം നടത്തിയത്.
ദേവപ്രശ്നം സ്വാഭാവികമായുണ്ടായെങ്കിലും പിന്നീട് മറയാക്കിയെന്നാണ് വിവരം. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യവും ഉയര്‍ന്നെന്നാണ് കണ്ടെത്തല്‍. ഇതാരുടെ ആവശ്യമായിരുന്നു എന്നതില്‍ കൂടുതല്‍ പരിശോധന നടത്തും. അന്നുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും.
അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തയച്ചിട്ടുണ്ട്. പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ടാണ് ഇ ഡി കത്തയച്ചത്. വിശദമായ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെടുമെന്നും ഇ ഡി അറിയിച്ചു. എന്നാല്‍ ഇഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്‌ഐടി ഇഡിക്ക് നല്‍കേണ്ടത്. എസ്പി എസ് ശശിധരന്‍ നേരിട്ടാണ് നിര്‍ണായക മൊഴി വിവരങ്ങള്‍ സൂക്ഷിക്കുന്നത്.
എന്നാല്‍ സ്വര്‍ണക്കൊള്ളയില്‍ ഇതുവരെ കുറ്റപത്രം നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സഹചര്യമാണ് നിലവിലുള്ളത്. നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ കഴിയാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രതിസന്ധിയായത്. ഫെബ്രുവരി ഒന്നിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പ്രധാന പ്രതികള്‍ക്ക് അടക്കം ജാമ്യം ലഭിക്കുന്ന സഹചര്യം ഉണ്ടാകും.
Content Highlights: The Special Investigation Team questioned Unnikrishnan Potty at the jail in connection with the Sabarimala gold theft case