ഷിംജിതക്ക് ജയിലോ ജാമ്യമോ?; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സംഭവം നടന്ന ബസിലെ സിസിടിവിയില്‍ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

ഷിംജിതക്ക് ജയിലോ ജാമ്യമോ?; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
dot image

കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്നമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

ബസില്‍ വെച്ച് ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തില്‍ ഷിംജിത ഉറച്ചുനില്‍ക്കുകയാണ്. ഇതേ നിലപാട് കോടതിയിലും സ്വീകരിക്കും. സംഭവം നടന്ന ബസിലെ സിസിടിവിയില്‍ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്റെ വാദം.

ഷിംജിത മുസ്തഫയുടെ പേരില്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷിംജിതയുടെ സഹോദരനാണ് പരാതി നല്‍കിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. പരാതിയില്‍ ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ല. ഇ-മെയില്‍ വഴി ഇന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ സഹിതം ഷിംജിത മുസ്തഫ സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഷിംജിതക്കെതിരെ കേസ് എടുക്കുകയായിരുന്നു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഷിംജിതയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

ബസില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന ഷിംജിതയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ബസില്‍വെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബസില്‍വെച്ച് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതായും കണ്ടെത്തി.

പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസര്‍ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പര്‍ ആയിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചാല്‍ കുറ്റാരോപിതന്‍ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Content Highlights: Shimjitha Musthafa’s bail plea is scheduled for consideration today

dot image
To advertise here,contact us
dot image