

കോട്ടയം: കേരള കോൺഗ്രസിൽ നിന്ന് നാല് സീറ്റുകൾ തിരിച്ചെടുക്കാൻ കോൺഗ്രസ് നീക്കം. ഏറ്റുമാനൂർ, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട് സീറ്റുകൾ തിരിച്ച് പിടിക്കാനാണ് കോൺഗ്രസ് നീക്കം. കേരള കോൺഗ്രസിന് പഴയ ശക്തിയില്ലെന്നും വിജയ സാധ്യത
പരിഗണിക്കണം എന്നും ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. ഈ നാല് സീറ്റുകളിലും 2021ൽ കേരള കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. 2021ൽ പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിന് രണ്ടിടത്ത് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. പരമാവധി അഞ്ച് സീറ്റ് മാത്രം കേരള കോൺഗ്രസിന് നൽകിയാൽ മതിയെന്ന ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം എന്നാണ് റിപ്പോർട്ട്. ഇതിൽ തന്നെ സീറ്റുകൾ വെച്ച് മാറുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച തൃക്കരിപ്പൂർ, തിരുവല്ല മണ്ഡലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യവും കോൺഗ്രസിൽ ശക്തമാണ്.
എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും ഇത്തവണയും മത്സരിക്കാൻ അവകാശമുണ്ടെന്നാണ് കേരള കോൺഗ്രസിൻ്റെ വാദം. വിജയസാധ്യത മാത്രമായിരിക്കണം ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഈ നാല് മണ്ഡലങ്ങളിലും ഇടതുമുന്നണി കരുത്തരായ സിറ്റിംഗ് സ്ഥാനാർത്ഥികളെ മത്സരത്തിന് ഇറക്കുമ്പോൾ മണ്ഡലത്തിൽ വലിയ സ്വാധീനമില്ലാത്ത കേരള കോൺഗ്രസിന് പകരം ഇവിടെ കോൺഗ്രസ് മത്സരിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ചങ്ങനാശ്ശേരിയിൽ കൈപ്പത്തിയിൽ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് പ്രാദേശിക നേതൃത്വം ഉയർത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട് കോൺഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം ചൂണ്ടിക്കാണിച്ചാണ് നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി വരണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഏറ്റുമാനൂരിൽ മികച്ച സ്ഥാനാർത്ഥിയെ നിർത്താൻ കേരള കോൺഗ്രസിന് ശേഷിയില്ലെന്ന വാദമാണ് ഉയരുന്നത്. ഇടുക്കിയിലും കേരള കോൺഗ്രസിന് വേണ്ടത്ര സ്വാധീനമില്ലെന്നാണ് വിലയിരുത്തൽ. തൃക്കരിപ്പൂരിലും തിരുവല്ലയിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചാൽ മത്സരം കടുക്കുമെന്നാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
കേരള കോൺഗ്രസ് 2021ൽ പരാജയപ്പെട്ട ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരത്തിനിറങ്ങുന്നത് മന്ത്രി വി എൻ വാസവൻ തന്നെയായിരിക്കും എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഏറ്റുമാനൂർ തിരികെ വേണമെന്ന നിലപാട് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. ചങ്ങനാശ്ശേരിയിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ ജോബ് മൈക്കിളാണ് 2021ൽ വിജയിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ ജോബ് മൈക്കിൾ തന്നെയാവും ഇവിടെ വീണ്ടും മത്സരത്തിന് ഇറങ്ങുക എന്ന് ഉറപ്പാണ്. കേരള കോൺഗ്രസിൻ്റെ പരമ്പാരഗത ശക്തികേന്ദ്രം എന്ന നിലയിലാണ് ചങ്ങനാശ്ശേരി പരിഗണിക്കപ്പെടുന്നത്. 1980 മുതൽ കേരള കോൺഗ്രസ് മാണി വിഭാഗം തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലം കൂടിയാണ് ചങ്ങനാശ്ശേരി.
കുട്ടനാട് മണ്ഡലത്തിൽ എൻസിപിയുടെ സിറ്റിംഗ് എംഎൽഎ തോമസ് കെ തോമസ് തന്നെ വീണ്ടും മത്സരരംഗത്ത് ഇറങ്ങിയേക്കും. എൽഡിഎഫിൽ ആയിരുന്നപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തുടർച്ചയായി മത്സരിച്ചിരുന്ന മണ്ഡലമാണ് കുട്ടനാട്. എന്നാൽ 2006ൽ ഡിഐസിയ്ക്ക് വേണ്ടി മത്സരിച്ച തോമസ് ചാണ്ടി ഇവിടെ വിജയിക്കുകയായിരുന്നു. പിന്നീട് എൻസിപി ആയി മാറിയ തോമസ് ചാണ്ടി 2011ലും 2016ലും ഇവിടെ ഇടതുപക്ഷത്തിനായി വിജയിച്ചു. യുഡിഎഫിലേയ്ക്ക് പോയ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാണി വിഭാഗവുമായി ചേർന്ന് ഒരു പാർട്ടിയായി മറിയതോടെ 2011ലും 2016ലും ഇവിടെ കേരള കോൺഗ്രസാണ് തോമസ് കെ ചാണ്ടിക്കെതിരെ മത്സരിച്ചത്. എന്നാൽ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ 2021ൽ വീണ്ടും ജോസഫ് വിഭാഗത്തിന് ഈ സീറ്റ് യുഡിഎഫ് അനുവദിക്കുകയായിരുന്നു. ജോസഫ് ഗ്രൂപ്പിന് ഈ നിലയിൽ വൈകാരികമായി ബന്ധമുള്ള മണ്ഡലം കൂടിയാണ് കുട്ടനാട്.
ഇടുക്കിയിൽ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായി റോഷി അഗസ്റ്റിൻ ഇത്തവണയും എൽഡിഎഫിനായി മത്സരരംഗത്ത് ഇറങ്ങുമെന്ന് തീർച്ചയാണ്. കോൺഗ്രസിന് സ്വാധിനമുണ്ടായിരുന്ന ഇടുക്കി 2001 മുതലാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ കുത്തകമണ്ഡലമായി മാറുന്നത്. അന്ന് മുതൽ റോഷി അഗസ്റ്റിനാണ് ഇടുക്കിയെ പ്രതിനിധീകരിക്കുന്നത്. 2021ൽ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജ്ജായിരുന്നു ഇവിടെ മത്സരിച്ചത്.
നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗം 2021ൽ 12 സീറ്റിൽ മത്സരിക്കുകയും 5 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. മുന്നണി മാറ്റ അഭ്യൂഹങ്ങൾക്കിടെ ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ച കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിക്കാൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുഡിഎഫിൻ്റെ ഭാഗമായ പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൻ്റെ നിലവിലെ നാല് സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കം കോൺഗ്രസ് നടത്തുന്നത്.
Content Highlights: Ahead of the 2026 Kerala Assembly elections, Congress is reportedly planning to claim key assembly seats including Ettumanoor, Changanassery, Idukki, and Kuttanad from Kerala Congress factions in seat-sharing talks within the UDF alliance, amid rising tensions in central Travancore and Christian vote strongholds.