ലോൺ ആപ്പിൽ തിരിച്ചടവ് വൈകി, മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് ജീവനൊടുക്കി

റുബിക് മണി എന്ന ആപ്ലിക്കേഷനില്‍ നിന്നാണ് അജീഷ് പണം വായ്പ എടുത്തത്

ലോൺ ആപ്പിൽ തിരിച്ചടവ് വൈകി, മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് ജീവനൊടുക്കി
dot image

പാലക്കാട്: ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കഞ്ചിക്കോട് മേനോന്‍പാറ സ്വദേശി അജീഷ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പിന്നാലെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ലോണ്‍ ആപ്പ് ഭീഷണിയെക്കുറിച്ച് കുടുംബത്തിന് വിവരം ലഭിച്ചത്.

റുബിക് മണി എന്ന ആപ്ലിക്കേഷനില്‍ നിന്നാണ് അജീഷ് പണം വായ്പ എടുത്തത്. തിരിച്ചടവ് വൈകിയതോടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണി തുടങ്ങി. ഇതിന് പിന്നാലെയാണ് അജീഷ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. അജീഷ് ഒരു പാവമായതുകൊണ്ട് പെട്ടുപോയെന്നും ഇനി ഇങ്ങനെ ആര്‍ക്കും ഉണ്ടാകരുതെന്നും കുടുംബം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

6000 രൂപയാണ് അജീഷ് ലോണ്‍ എടുത്തത്. എല്ലാ ആഴ്ചയും ആയിരം രൂപ വെച്ച് അടക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ തിരിച്ചടവ് വൈകി. തുടര്‍ന്ന് ഭീഷണിയായി. വാട്‌സാപ്പ് കോള്‍ വഴിയായിരുന്നു ഭീഷണി സന്ദേശം.

ജോലി ചെയ്യുന്ന സ്ഥലത്ത് വരുമെന്നും ബന്ധുക്കളെ വിവരമറിയിക്കുമെന്നും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നുമെല്ലാം അജീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ അജീഷിന്റെ ഫോണിലുള്ള നമ്പരുകള്‍ മുഴുവനും അവര്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചിരുന്നു. ആരൊക്കെയാണ് ബന്ധുക്കളെന്നും അവര്‍ക്ക് അറിയുമായിരുന്നു.

ഭീഷണിക്ക് പിന്നാലെയാണ് അജീഷ് ജീവനൊടുക്കിയത്. അജീഷ് മരിച്ചതിന് ശേഷവും ഭീഷണി സന്ദേശം തുടര്‍ന്നുകൊണ്ടേയിരുന്നു. അശ്ലീല ദൃശ്യങ്ങളും വന്നു. ഇത് കണ്ടപ്പോഴാണ് അജീഷ് ജീവനൊടുക്കാനിടയായ കാരണം വ്യക്തമായത്. പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Content Highlights: loan app threat leadsman to die himself incident reported at palakkad

dot image
To advertise here,contact us
dot image